

സ്ത്രീകൾക്കൊപ്പം ബിൽ ക്ലിന്‍റൺ
വാഷിങ്ടൺ ഡിസി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും യുഎസ് നീതിന‍്യായ വകുപ്പ് പുറത്തുവിട്ടു. മുൻ അമെരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൻ മുതൽ പോപ് ഗായകൻ മൈക്കൽ ജാക്സൺ അടക്കമുള്ളവരുടെ പേരും ചിത്രവും ഉണ്ടെങ്കിലും നിലവിലെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പറ്റി പരാമർശിച്ചിട്ടില്ല.
അർദ്ധനഗ്നരായ സ്ത്രീകളോടൊപ്പം നീന്തൽകുളത്തിൽ കിടക്കുന്ന ബിൽ ക്ലിന്‍റണിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീകളിലൊരാൾ ക്ലിന്‍റണിന്‍റെ കാമുകിയും കേസിലെ കൂട്ടു പ്രതിയുമായ മാക്സ്‌വെല്ലാണെന്നാണ് സൂചന. മൈക്കൽ ജാക്സണും ഗായിക ഡയാന റോസിനൊപ്പവും ബിൽ ക്ലിന്‍റൺ നിൽക്കുന്ന ചിത്രവും പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെടുന്നു.
പീഡനത്തിനിരയായ 1,200ഓളം പേരുടെ വിവരങ്ങളാണ് എപ്സ്റ്റീൻ ഫയൽസിലുള്ളത്. രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ ഇതിൽ ഉണ്ടെന്നാണ് വിവരം. ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ആരോപണങ്ങൾ തള്ളുകയും എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തയാറായതും.
ലൈംഗിക ആവശ‍്യത്തിനു വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉന്നതർക്ക് എത്തിച്ചുകൊടുത്തതായും ചൂഷണം ചെയ്തെന്നുമാണ് കേസ്. ഇതേത്തുടർന്ന് 2006ൽ അറസ്റ്റിലായ എപ്സ്റ്റീനെ 2019 ഓഗസ്റ്റിൽ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.