അമെരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്

അമെരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ സാധുവായ ഫോട്ടോ തിരിച്ചറിയല്‍ രേഖയില്ലാതെ എങ്ങനെ വോട്ടെടുപ്പ് നടത്താനാകുമെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദിച്ചതായി ട്രംപ് പറഞ്ഞു
Trump cites India as an example to advocate for mandatory voter ID cards in US elections.

അമെരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്

Updated on

വാഷിങ്ടണ്‍: അമെരിക്കയില്‍ കൂടുതല്‍ കര്‍ശനമായ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ വേണമെന്ന വാദം ശക്തമാക്കുന്നതിനിടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമെരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ സാധുവായ ഫോട്ടോ തിരിച്ചറിയല്‍ രേഖയില്ലാതെ എങ്ങനെ വോട്ടെടുപ്പ് നടത്താനാകുമെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദിച്ചതായി ട്രംപ് പറഞ്ഞു. തന്‍റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 64.6 കോടിയിലധികം പേര്‍ പങ്കെടുത്തെന്നും അതില്‍ ഒരു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് തപാല്‍ വോട്ട് ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഈ മാസം ആദ്യം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തന്‍റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും അമെരിക്കയില്‍ സാധുവായ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചോദിച്ചെന്നും ട്രംപ് വ്യക്തമാക്കി.

അമെരിക്കന്‍ പൗരത്വത്തിന്‍റെ തെളിവ് വോട്ട് ചെയ്യുന്നതിനായി നിര്‍ബന്ധമാക്കുകയും രാജ്യവ്യാപകമായി വോട്ടര്‍ തിരിച്ചറിയല്‍ കാർഡ് ഏർപ്പെടുത്തുകയും തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന സേവ് അമെരിക്ക നിയമത്തിന് പിന്തുണ ലക്ഷ്യമിട്ടാണ് ട്രംപിന്‍റെ പരാമർശം. സേവ് അമെരിക്ക നിയമം ഉടൻ പാസാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് തട്ടിപ്പ് തടയാന്‍ ഈ നിയമം സഹായിക്കുമെന്നാണ് ട്രംപിന്‍റെ വാദം. എന്നാല്‍ വിഷയത്തില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. നിയമം പാസാക്കുന്നതിനുള്ള വ്യക്തമായ നടപടികളൊന്നുമെടുക്കാതെ യുഎസ് സെനറ്റ് ഈ മാസം ആദ്യം അഞ്ച് ആഴ്ചത്തെ ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com