

ഖത്തര്‍ സമ്മാനിച്ച എയര്‍ഫോഴ്‌സ് വണ്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നു
അമെരിക്കന്‍ പ്രസിഡന്റുമാരുടെ ആകാശയാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ ലോകപ്രസിദ്ധമാണ് എയര്‍ഫോഴ്‌സ് വണ്‍ എന്നറിയപ്പെടുന്ന വിമാനം. പതിറ്റാണ്ടുകളായി സര്‍വീസ് നടത്തിയിരുന്ന നീല നിറമുള്ള എയര്‍ഫോഴ്‌സ് വണ്‍ വിരമിച്ചതോടെ ഖത്തര്‍ സമ്മാനിച്ച ചുവപ്പ് നിറമുള്ള എയര്‍ഫോഴ്‌സ് വണ്‍ വിമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിച്ചു. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ വിമാനം ട്രംപ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രാവിമാനമായിരുന്ന എയര്‍ഫോഴ്‌സ് വണ്‍ ബോയിങ് 747-200 ട്രംപിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയതോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് പുതിയ എയര്‍ഫോഴ്‌സ് വണ്‍ സര്‍വീസിന് ഇറക്കിയത്.
ഖത്തര്‍ ട്രംപിനു സമ്മാനമായി നല്‍കിയ ബോയിങ് 747 വിമാനമാണ് പരിഷ്‌കരിച്ച് എയര്‍ഫോഴ്‌സ് വണ്‍ ആക്കി മാറ്റിയത്. ജൂലൈയില്‍ മൗണ്ട് റഷ്‌മോറില്‍ നടക്കുന്ന അമെരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ട്രംപ് പുതിയ എയര്‍ഫോഴ്‌സ് വണ്ണില്‍ യാത്ര ചെയ്യുമെന്നാണ് വിവരം. ബോയിങ്ങില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത പുതിയ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ ലഭിക്കുന്നതു വരെ ഖത്തര്‍ സമ്മാനിച്ച വിമാനം ഉപയോഗിക്കും.
നീലയും വെള്ളയും കലര്‍ന്ന നിറമായിരുന്നു പഴയ എയര്‍ഫോഴ്‌സ് വണ്ണിനു ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ചുവപ്പ്, വെള്ള, നീല എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ഖത്തര്‍ സമ്മാനിച്ച വിമാനത്തിനു നല്‍കിയിരിക്കുന്നത്.