ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി ട്രംപ്; മധ്യസ്ഥത വഹിച്ച് പാക്കിസ്ഥാൻ

അമെരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ നിർണായക വഴിത്തിരിവായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനിശ്ചിതകാല വെടിനിർത്തൽ പ്രഖ്യാപിച്ചു
Trump extends Iran ceasefire

ഡോണൾഡ് ട്രംപ്.

File photo

Updated on

വാഷിങ്ടൺ: ഇറാനുമായി ഏഴാഴ്ച നീണ്ട യുദ്ധത്തിൽ താത്കാലിക ആശ്വാസമായി വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പാക്കിസ്ഥാന്‍റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് നടപടിയെന്നു വിശദീകരണം. സമാധാന ചർച്ചകൾക്കായി ഏകീകൃതമായ ഒരു നിർദേശം മുന്നോട്ടുവയ്ക്കാൻ ഇറാൻ നേതൃത്വത്തിന് സമയം അനുവദിക്കാനാണ് ഈ തീരുമാനമെന്നും ട്രംപ്.

ഏപ്രിൽ 8-ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്‍റെ നാടകീയമായ പ്രഖ്യാപനം വന്നത്. ഇസ്ലാമാബാദിൽ നടത്തുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് പ്രതിനിധികളെ അയയ്ക്കാൻ ഇറാൻ വിസമ്മതിക്കുകയും, പിന്നാലെ അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാൻ ‍യാത്ര റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ ട്വിസ്റ്റ്.

നിബന്ധനകളോടെ വെടിനിർത്തൽ

വെടിനിർത്തൽ നീട്ടിയെങ്കിലും ഇറാന്‍റെ തുറമുഖങ്ങൾക്കുമേലുള്ള സാമ്പത്തിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. "ഇറാൻ നേതൃത്വം ഭിന്നതയിലാണ്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുടെ അഭ്യർഥന പ്രകാരമാണ് ആക്രമണം തത്കാലം നിർത്തിവയ്ക്കുന്നത്. എന്നാൽ, സൈനിക ഉപരോധം തുടരാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്," ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

അമെരിക്കൻ നടപടിക്കെതിരേ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ശക്തമായി രംഗത്തെത്തി. തുറമുഖങ്ങൾ ഉപരോധിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്നും വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണികളെ പ്രതിരോധിക്കാൻ ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുപോകുകയായിരുന്ന എം/ടി ടിഫാനി എന്ന കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വെച്ച് അമെരിക്കൻ സൈന്യം പിടിച്ചെടുത്തു.

പാക്കിസ്ഥാന്‍റെ പങ്ക്

വെടിനിർത്തൽ നീട്ടിയ നടപടിയെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സ്വാഗതം ചെയ്തു. സമാധാനപരമായ ഒത്തുതീർപ്പിനായി പാക്കിസ്ഥാൻ ആത്മാർഥമായ ശ്രമങ്ങൾ തുടരുമെന്നും, രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ഇസ്ലാമാബാദിൽ നടത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലാമാബാദിൽ വിന്യസിച്ചിരിക്കുന്നത്.

ചർച്ചകളിലൂടെ ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. എന്നാൽ ഇറാന്‍റെ ഏകീകൃത നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com