

യുഎസ് പ്രസിഡ്ന്‍റ് ഡോണൾഡ് ട്രംപ്, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
File photo
വാഷിങ്ടൺ ഡിസി: ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിക്കുറയ്ക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പെന്‍റഗണിനു നിർദേശം നൽകി. ഇറാനെ ആണവായുധ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളിൽ സഹായിക്കാൻ ദക്ഷിണ കൊറിയ വിസമ്മതിച്ചതിനെത്തുടർന്നാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ വിഷയത്തിൽ സഹായിക്കില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയതായും, ഈ ആഴ്ച ആരംഭിക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസങ്ങൾ ചെലവേറിയതാണെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. താൻ വൈറ്റ് ഹൗസിലായിരുന്ന കാലയളവിൽ ഉത്തര കൊറിയ ഭീഷണിപ്പെടുത്താത്ത രീതിയിലും മാന്യമായും പെരുമാറിയെന്നും, ഇത്തരം സൈനികാഭ്യാസങ്ങൾ അവർക്ക് ശത്രുതാപരമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശീലനങ്ങൾ ഗണ്യമായി കുറയ്ക്കാൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെഥിന് നിർദ്ദേശം നൽകിയതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി യുഎസിനിപ്പോൾ വലിയ പ്രശ്നങ്ങളില്ലെന്നും, തങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും വ്യക്തമാക്കുന്ന ഫോട്ടോ ട്രംപ് അടുത്തിടെ പങ്കുവച്ചിരുന്നു.
തന്‍റെ ആദ്യ ഭരണകാലത്ത് ആണവ പദ്ധതി ചർച്ച ചെയ്യുന്നതിനായി കിം ജോങ് ഉന്നുമായി അദ്ദേഹം മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷവും ഈ ചർച്ചകൾ തുടരാൻ തനിക്ക് താല്പര്യമുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ ഭീഷണികളെ പ്രതിരോധിക്കാൻ 18,000 ദക്ഷിണ കൊറിയൻ സൈനികരുടെ പങ്കാളിത്തത്തോടെ 11 ദിവസത്തെ 'ഉൽചി ഫ്രീഡം ഷീൽഡ്' സൈനികാഭ്യാസങ്ങൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ സൈനികാഭ്യാസങ്ങൾ ആക്രമണോത്സുകമായ യുദ്ധത്തിനുള്ള റിഹേഴ്സലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തര കൊറിയ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
ഡോണൾഡ് ട്രംപ് തന്‍റെ ആദ്യ ഭരണകാലത്തും സമാനമായ രീതിയിൽ ഉത്തര കൊറിയയുമായുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇത്തരം സംയുക്ത സൈനികാഭ്യാസങ്ങൾ 'പ്രകോപനപരം' എന്ന് വിശേഷിപ്പിച്ച് നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.