ട്രംപിനോട് പുടിൻ പറയുന്നുണ്ടാവും, ''നമ്മുടെ രണ്ടു പേരുടെയും ശബ്ദം ഒരുപോലിരിക്കുന്നു...!''

പട്ടണപ്രവേശത്തിലെ തിലകനെയും ശ്രീനിവാസനെയും പോലെ, വ്ളാദിമിർ പുടിനും ഡോണൾഡ് ട്രംപും പരസ്പരം പറയുന്ന അവസ്ഥയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്, ''ചേട്ടാ ചേട്ടന്‍റെയും എന്‍റെയും ശബ്ദം ഒരുപോലിരിക്കുന്നു!''
Canada, Mexico, Panama invasion plans by US
ട്രംപിനോട് പുടിൻ പറയുന്നുണ്ടാവും, ''നമ്മുടെ രണ്ടു പേരുടെയും ശബ്ദം ഒരുപോലിരിക്കുന്നു...!''Metro Vaartha Graphics
Updated on

വി.കെ. സഞ്ജു

പട്ടണപ്രവേശത്തിലെ തിലകനെയും ശ്രീനിവാസനെയും പോലെ, വ്ളാദിമിർ പുടിനും ഡോണൾഡ് ട്രംപും പരസ്പരം പറയുന്ന അവസ്ഥയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്, ''ചേട്ടാ ചേട്ടന്‍റെയും എന്‍റെയും ശബ്ദം ഒരുപോലിരിക്കുന്നു....!''

പതിറ്റാണ്ടുകളായി സാമ്രാജ്യത്വ അജൻഡകളിൽ നിന്ന് ഏറെക്കുറെ അകന്നു നിന്ന വൻശക്തികൾ വീണ്ടും അതേ പ്രവണതയിലേക്കു നീങ്ങുന്നതിന്‍റെ തുടക്കം കണ്ടത്, യുക്രെയ്നിൽ നിന്നു ക്രിമിയ പിടിച്ചെടുത്ത റഷ്യൻ സൈനിക നടപടിയിലൂടെയായിരുന്നു. അതും പോരാതെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പിന്നീട് യുക്രെയ്നെതിരേ സമ്പൂർണ അധിനിവേശത്തിനു തന്നെ ശ്രമം തുടങ്ങി. അത്തരം നീക്കങ്ങൾക്കെതിരേ ആവും വിധം പ്രതിരോധം തീർക്കാൻ യുഎസിന്‍റെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങളും അണിനിരന്നു. എന്നാലിപ്പോൾ, ഏത് അധിനിവേശ ശ്രമങ്ങൾക്കെതിരേയാണ് യുഎസ് ഇതുവരെ നിലകൊണ്ടത്, അതേ അധിനിവേശ ശ്രമങ്ങൾക്ക് സ്വന്തമായ ഭാഷ്യം ചമയ്ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തിന്‍റെ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

രണ്ടാം വട്ടം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റത് അംഗീകരിക്കാതെ, സ്വന്തം രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം വരെ പിടിച്ചെടുക്കാൻ അനുയായികളോട് ആഹ്വാനം ചെയ്ത നേതാവാണ് ട്രംപ്. അങ്ങനെയൊരാൾ ഇപ്പോൾ മൂന്നാം വട്ടം മത്സരിച്ച് രണ്ടാം വട്ടം പ്രസിഡന്‍റാകുമ്പോൾ മറ്റു രാജ്യങ്ങൾ കീഴടക്കാൻ ഒരുക്കം കൂട്ടുന്നതിൽ അസ്വാഭാവികതയൊട്ടില്ലതാനും!

'അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' പോലെയുള്ള മുദ്രാവാക്യങ്ങൾ കൊണ്ട് ട്രംപ് ഉദ്ദേശിച്ചത്, രാജ്യത്തിന്‍റെ അതിർത്തികൾ വിപുലമാക്കുക എന്നായിരുന്നു എന്ന് മുൻകൂട്ടി കാണാൻ കഴിയാത്തത് അയൽരാജ്യങ്ങളുടെ ദൗർബല്യം. റഷ്യൻ മാതൃകയിൽ അയൽക്കാരുടെ അതിര് മാന്താനുള്ള പദ്ധതികൾ ഒരു മറയുമില്ലാതെ പ്രഖ്യാപിക്കുന്ന ട്രംപ്, ലോകത്തിനു തന്നെ ഭീഷണിയാകാനുള്ള വഴിമരുന്നുമായി ഇലോൺ മസ്കും കൂടെത്തന്നെയുണ്ട്.

ഇക്കുറി തെരഞ്ഞെടുപ്പ് ജയിച്ചതു മുതൽ ട്രംപ് സംസാരിക്കുന്നത് അധിനിവേശത്തെക്കുറിച്ചാണ്. ഗ്രീൻലാൻഡ് സ്വന്തമാക്കുക, പനാമ കനാലിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കുക, ക്യാനഡയെ യുഎസിന്‍റെ അമ്പത്തൊന്നാമത്തെ പ്രവിശ്യയാക്കുക... ലോകത്ത് വേറെ ഏതു രാജ്യം ഇങ്ങനെയൊരു നീക്കം നടത്തിയാലും അവിടെ ഉപരോധത്തിന്‍റെ രൂപത്തിൽ യുഎസ് ഇടപെടൽ ഇതിനകം സംഭവിച്ചുകഴിഞ്ഞേനെ. എന്നാലിവിടെ, പറയുന്നത് ട്രംപ് ആ‍യതുകൊണ്ടു തന്നെ, പല രാജ്യങ്ങളും അദ്ദേഹത്തിന്‍റെ പതിവ് കോമാളിത്തരങ്ങൾ എന്ന രീതിയിൽ ചിരിച്ചുതള്ളുകയായിരുന്നു തുടക്കത്തിൽ. പക്ഷേ, ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ക്യാനഡയുടെ ഗവർണർ എന്നു വിശേഷിപ്പിച്ചത് വെറും ട്രോൾ ആയിരുന്നില്ലെന്ന മട്ടിലായിരുന്നു പിന്നീട് ഇങ്ങോട്ടുള്ള ട്രംപിന്‍റെ പല പ്രസ്താവനകളും.

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള മോഹം ട്രംപ് പരസ്യപ്പെടുത്തിയതോടെ ജർമനിയും ഫ്രാൻസും എതിർപ്പുമായി രംഗത്തെത്തി. ട്രംപിന്‍റെ ആദ്യ പ്രസിഡൻഷ്യൽ ടേമിൽ തന്നെയാണ് യുഎസ് - യൂറോപ്പ് ബന്ധം ഏറ്റവും വഷളായ അവസ്ഥയിൽ എത്തിയിരുന്നതും. നാറ്റോ സഖ്യം തന്നെ പൊളിക്കുന്നതിന്‍റെ വക്കിലേക്ക് കൊണ്ടെത്തിച്ച ട്രംപിന്‍റെ നയങ്ങൾ ജോ ബൈഡൻ തിരുത്തി. എന്നാൽ, യൂറോപ്പിനെ കൂടെ നിർത്താനുള്ള ഒരു നയവും ട്രംപിന്‍റെ ഭാഗത്തുനിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറപ്പിക്കാവുന്ന രീതിയിലാണ് അദ്ദേഹം ഗ്രീൻലാൻഡിൽ കണ്ണുവച്ചിരിക്കുന്നത്.

ഇതിനു മറ്റൊരു ഉദാഹരണമാണ് പനാമ കനാലിനു മേൽ യുഎസ് ഉന്നയിക്കുന്ന അവകാശവാദം. ഇതുവഴി കടന്നുപോകുന്ന യുഎസ് കപ്പലുകൾക്കുള്ള ഫീസിൽ കുറവ് വരുത്തിയില്ലെങ്കിൽ കനാൽ പിടിച്ചെടുക്കുമെന്നാണ് ഭീഷണി. 1977ൽ പനാമയ്ക്ക് യുഎസ് കൈമാറിയ കനാലിന്‍റെ അവകാശം തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് ട്രംപിന്‍റെ വാദം. കനാലിന്‍റെ ഒരു മീറ്റർ പോലും തരുമെന്നു കരുതേണ്ടെന്ന് പനാമ പ്രസിഡന്‍റ് ഹൊസെ റൗൾ മുളിനോ പറഞ്ഞപ്പോൾ, ''നമുക്ക് കാണാം'' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. പനാമ കനാൽ ഉപയോഗപ്പെടുത്തി യുഎസ് വിപണിയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ചൈനയ്ക്കു സാധിച്ചു എന്ന തിരിച്ചറിവാണ് ട്രംപിന്‍റെ ഈ പുതിയ വെളിപാടിനു കാരണമെന്ന് അനുമാനിക്കാം.

മെക്സിക്കോയുടെ കാര്യത്തിലാകട്ടെ, സമ്പൂർണ സൈനിക നടപടിക്കു പകരം, സർജിക്കൽ സ്ട്രൈക്ക് മാതൃകയിൽ ചില പദ്ധതികൾ ട്രംപിന്‍റെ ടീം ആലോചിച്ചു തുടങ്ങിയെന്നാണ് സൂചന. കള്ളക്കടത്ത് സംഘങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് അതിർത്തി കടന്നുള്ള നടപടിയാണത്രെ ലക്ഷ്യം.

ചുരുക്കത്തിൽ, ട്രംപിന്‍റെ അമെരിക്ക ഫസ്റ്റ് നയം, അമെരിക്കൻ സാമ്രാജ്യത്വം എന്നു തന്നെ തിരുത്തിയെഴുതാൻ സമയമായോ എന്ന് അധികം വൈകാതെ ലോകം തിരിച്ചറിയും. അങ്ങനെ സംഭവിച്ചാൽ അതിന്‍റെ പ്രത്യാഘാതങ്ങൾ ലോകത്തിന്‍റെ ഏതൊക്കെ കോണുകളിൽ എന്തൊക്കെ രൂപത്തിലാണ് സംഭവിക്കാൻ പോകുന്നതെന്ന് ട്രംപിനു പോലും പ്രവചിക്കാൻ കഴിയില്ലെന്നു മാത്രം!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com