

Donald Trump
പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാൻ രഹസ്യമായി ഭൂമിക്കടിയിൽ ആണവ പരീക്ഷണം നടത്തുന്നുവെന്നും 'ചെറിയൊരു പ്രകമ്പനം' മാത്രമാണ് അനുഭവപ്പെടുകയുള്ളൂ എന്നും ട്രംപ് പറയുന്നു. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരീക്ഷണം നടത്തുന്നത് കൊണ്ട് അമേരിക്കയും 30 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച് ആണവ പരീക്ഷണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടൺ: പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാനും ലോകശ്രദ്ധയിൽ നിന്ന് മറച്ചുവച്ചുകൊണ്ട് ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നാണ് ട്രംപ് പറയുന്നത്.
"പാക്കിസ്ഥാൻ പരീക്ഷണം നടത്തുന്നുണ്ട്. അവർ അത് നിങ്ങളോട് പറയുന്നില്ല. ആളുകൾ അറിയാതെ, ഭൂമിക്കടിയിൽ ആഴത്തിലാണ് അവർ പരീക്ഷണം നടത്തുന്നത്. ചെറിയൊരു പ്രകമ്പനം മാത്രമാണ് നിങ്ങൾക്ക് അനുഭവപ്പെടുക," ട്രംപ് പറഞ്ഞു.
30 വർഷമായി ആണവ പരീക്ഷണം നടത്താതിരിക്കുന്ന ഏക രാജ്യമാണ് അമെരിക്കയെന്നും, എന്നാൽ മറ്റ് രാജ്യങ്ങൾ രഹസ്യമായി പരീക്ഷണം നടത്തുന്നത് തുടരുന്നതിനാൽ യുഎസും ആണവ പരീക്ഷണം പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. "റഷ്യയും ചൈനയും ഉൾപ്പെടെ മറ്റ് രാജ്യങ്ങൾ പരീക്ഷണം നടത്തുന്നു. നമ്മൾ മാത്രമാണ് പരീക്ഷണം നടത്താത്ത ഏക രാജ്യം. അതുകൊണ്ട് നമ്മളും പരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ആണവ പരീക്ഷണം തുടരുന്നു എന്ന് ഒരു മുൻ യുഎസ് പ്രസിഡന്‍റ് നേരിട്ട് ആരോപിക്കുന്നത് ഇത് ആദ്യമായാണ്. ഈ വർഷമാദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധം നടക്കുന്നത് തടയാൻ താൻ സഹായിച്ചു എന്ന പഴയ വാദവും ട്രംപ് അഭിമുഖത്തിൽ ആവർത്തിച്ചു.
പെട്ടെന്ന് ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ അമെരിക്കയുമായി യാതൊരു ബിസിനസും ചെയ്യാൻ കഴിയില്ല എന്ന് ഇരു രാജ്യങ്ങളോടും താൻ പറഞ്ഞതിനെ തുടർന്നാണ് യുദ്ധം ഒഴിവായതെന്നാണ് ട്രംപിന്‍റെ അവകാശവാദം.
എന്നാൽ, ട്രംപിന്‍റെ ഈ അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. കശ്മീർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.