
വാഷിങ്ടൺ ഡിസി: യുഎസിന്‍റെ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷയ്ക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അകമഴിഞ്ഞ പ്രശംസ. വാൻസിനെക്കാൾ മിടുക്കിയാണ് ഉഷയെന്നും, പറ്റുമെങ്കിൽ വാൻസിനു പകരം താൻ അവരെ വൈസ് പ്രസിഡന്‍റ് ആക്കുമായിരുന്നു എന്നും ട്രംപ് പറയുന്നു.
ഇന്ത്യൻ-അമെരിക്കൻ ഹിന്ദുവായ ആദ്യ യുഎസ് സെക്കൻഡ് ലേഡിയാണ് ഉഷ ചിലുകുരി വാൻസ് എന്ന മുപ്പത്തൊമ്പതുകാരി. ട്രംപിനൊപ്പം യുഎസിന്‍റെ വൈസ് പ്രസിഡന്‍റായി വാൻസ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരു കൈയിൽ ബൈബിളും മറുകൈയിൽ മകൾ മിരാബെൽ റോസുമായി ഉഷയുമുണ്ടായിരുന്നു വേദിയിൽ.
ആന്ധ്ര പ്രദേശിൽനിന്ന് യുഎസിലേക്കു കുടിയേറിയ ദമ്പതികളുടെ മകളായ ഉഷ അഭിഭാഷകയാണ്. യുഎസിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ പ്രായം കുറഞ്ഞ സെക്കൻഡ് ലേഡി. ഹാരി ട്രൂമാന്‍റെ കാലത്ത് വൈസ് പ്രസിഡന്‍റായിരുന്ന ആൽബൻ ബാർക്ക്‌ലിയുടെ മുപ്പത്തെട്ടുകാരിയായ ഭാര്യ ജെയിൻ ഹാർഡ്‌ലി ബാർക്ക്‌ലിയാണ് ഏറ്റവും പ്രായം കുറഞ്ഞ സെക്കൻഡ് ലേഡി.
തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജെ.ഡി. വാൻസ് വഹിച്ച നിർണായക പങ്കിനെയും ഡോണൾഡ് ട്രംപ് പ്രശംസിച്ചു. ''മിടുക്കനായ സെനറ്ററാണ് വാൻസ്. അദ്ദേഹത്തെക്കാൾ മിടുക്കുള്ള ഒരേയൊരാൾ അദ്ദേഹത്തിന്‍റെ ഭാര്യയാണ്'', ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് സുപ്രീം കോടതി ജഡ്ജിയും ഉഷയുടെ മാർഗദർശിയുമായ ബ്രെറ്റ് കാവനോയാണ് വാൻസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കാവനോയുടെയും മറ്റൊരു സുപ്രീം കോടതി ജഡ്ജി ജോൺ റോബർട്സിന്‍റെയും ക്ലർക്കായും ഉഷ പ്രവർത്തിച്ചിട്ടുണ്ട്.
ഹിന്ദുവായ ഭാര്യയാണ് തന്നെ ക്രിസ്ത്യൻ വിശ്വാസത്തിലേക്കു മടക്കിക്കൊണ്ടു പോയതെന്ന് വാൻസ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കുന്നതു പോയിട്ട്, പരസ്പരം കാണാൻ പോലും സാഹചര്യമുണ്ടാകാൻ സാധ്യതയില്ലാത്ത വിധം വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് തങ്ങൾ ഇരുവരും വളർന്നു വന്നതെന്ന് ഉഷ അനുസ്മരിക്കുന്നു. എന്നിട്ടും പരസ്പരം കാണാനായതും വിവാഹിതരായതും അമെരിക്കയുടെ മഹത്വമാണെന്നും ഉഷ.