ഇറാൻ യുദ്ധം മറയാക്കി കോടികളുടെ ആയുധക്കച്ചവടത്തിന് ട്രംപിന്‍റെ പുത്രന്മാർ

ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കെ യുഎഇയുമായി ആയുധക്കച്ചവടത്തിന് മുതിർന്ന് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഡ്രോൺ കമ്പനിയായ 'പവർറസ്' വഴി കോടികളുടെ നിക്ഷേപം.
Trump sons drone deal with UAE

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മക്കളും ആയുധ കച്ചവടക്കാരുമായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർ.

File

Updated on

അബുദാബി: കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞതു പോലെയാണിപ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടുംബത്തിലെ കാര്യം. ഗൾഫ് മേഖലയിൽ ട്രംപ് തുടങ്ങിവച്ച സംഘർഷാവസ്ഥ മുതലെടുത്ത് ആയുധക്കച്ചവടം കൊഴുപ്പിക്കാൻ മക്കൾ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണിപ്പോൾ.

ഇറാനുമായുള്ള തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കാൻ ശ്രമിക്കുന്ന യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് പ്രതിരോധ ഡ്രോണുകൾ വിൽക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ട്രംപിന്‍റെ മക്കൾക്ക് പങ്കാളിത്തമുള്ള പവറസ് (Powerus) എന്ന ഡ്രോൺ കമ്പനിയാണ് ഇതിന്‍റെ മുന്നണിയിൽ.

ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾക്കായി ഗൾഫ് രാജ്യങ്ങളിൽ ആവശ്യം വർധിച്ചിരിക്കുകയാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഫ്ലോറിഡ ആസ്ഥാനമായ പവർറസ് അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

ഇറാൻ ഉപയോഗിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഡ്രോണുകളെ വെടിവെച്ചിടാൻ നിലവിൽ അമേരിക്കയും സഖ്യകക്ഷികളും കോടിക്കണക്കിന് രൂപ വിലയുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ കുറഞ്ഞ ചെലവിൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് പവർറസ് ചെയ്യുന്നത്. അടുത്തിടെ ഇവർ പുറത്തിറക്കിയ 'ഗാർഡിയൻ-1' എന്ന ഇന്‍റർസെപ്റ്റർ ഇറാന്‍റെ 'ഷഹീദ്-136' ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ളതാണ്.

ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർക്ക് ഈ കമ്പനിയിൽ വലിയ നിക്ഷേപമുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള 'അമേരിക്കൻ വെഞ്ചേഴ്സ്' എന്ന ഫണ്ട് വഴി ഏകദേശം 100 കോടി ഡോളറാണ് വിവിധ ഡ്രോൺ കമ്പനികളിലായി നിക്ഷേപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പവർറസ് കമ്പനി ഒരു ഗോൾഫ് കോഴ്സ് കമ്പനിയുമായി ലയിച്ച് നാസ്ഡാക് (Nasdaq) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്. മുൻ അമേരിക്കൻ സൈനിക മേധാവി ജനറൽ ചാൾസ് ക്യു ബ്രൗൺ ഉൾപ്പെടെയുള്ളവർ കമ്പനിയുടെ ഉപദേശകരായി പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ട്രംപിന്‍റെ മക്കൾ നേരിട്ട് ആയുധക്കച്ചവടത്തിൽ ഇടപെടുന്നത് അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ സുരക്ഷാ താത്പര്യങ്ങളെക്കാൾ ഉപരിയായി സ്വന്തം കുടുംബത്തിന്‍റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാനാണോ ട്രംപ് ശ്രമിക്കുന്നതെന്ന് സെനറ്റർ എലിസബത്ത് വാറൻ ഉൾപ്പെടെയുള്ളവർ ചോദ്യം ഉയർത്തുന്നു. സർക്കാർ കരാറുകൾ ട്രംപിന്‍റെ മക്കളുടെ കമ്പനികൾക്ക് അനധികൃതമായി ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, യുഎസിന്‍റെ സുരക്ഷാ താത്പര്യങ്ങൾ എന്നല്ല, ലോകത്തിന്‍റെയാകെ സമാധാനം കെടുത്തിക്കൊണ്ടാണ് ട്രംപ് തന്‍റെ പുത്രൻമാർക്ക് കച്ചവടം കൂട്ടാൻ വഴിയൊരുക്കി കൊടുക്കുന്നത് എന്നതാണ് വസ്തുത.

യുഎഇയുമായുള്ള ചർച്ചകളിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കാനാണ് ട്രംപ് കുടുംബത്തിന്‍റെ നീക്കം. വാർത്തയോട് പ്രതികരിക്കാൻ പവർറസ് അധികൃതരോ യുഎഇ വിദേശകാര്യ മന്ത്രാലയമോ തയാറായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com