
ഡോണൾഡ് ട്രംപ്
file image
വാഷിങ്ടൺ: വിദേശരാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. അധികാരത്തിലേറിയതിനു ശേഷം താരിഫിൽ ഇളവു നൽകിയ പ്രധാനമേഖലയായിരുന്നു ഇത്.
എന്നാൽ, ഇത് സംബന്ധിച്ച നടപടികൾ ഒന്നോ ഒന്നരയോ വർഷങ്ങൾക്ക് ശേഷമാവും ഉണ്ടാവുകയെന്നും ട്രംപ് പറയുന്നുണ്ട്. കമ്പനികൾക്ക് കൂടുതൽ മരുന്നുകൾ സംഭരിക്കാനും മരുന്നുനിർമാണം പൂർണമായി യുഎസിലേക്ക് മാറ്റാനുമാണ് ഈ കാലാവധി. പതിറ്റാണ്ടുകളായി വിദേശമരുന്നുകൾ തീരുവയില്ലാതെയാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്.
മരുന്നുവില കുറയ്ക്കുമെന്നതായിരുന്നു ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നാൽ,ഇറക്കുമതിത്തീരുവ ചുമത്തുന്നതോടെ യുഎസിൽ മരുന്നുകളുടെ വില ഉയരുകയും വിദേശ ജെറിക് മരുന്നുകളുടെ ക്ഷാമം നേരിടുകയും ചെയ്യും. ഇത് ഇന്ത്യക്കും വലിയ തിരിച്ചടിയാകും. ഇന്ത്യയുടെ മരുന്നുകയറ്റുമതിയുടെ പ്രധാന വിപണികളിലൊന്നാണ് യുഎസ്. നിലവിൽ ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്ന മരുന്നുകളുടെ 31 ശതമാനവും യുഎസിലേക്കാണ് പോവുന്നത്.