Trump to impose 5% tax on remittances from non-US citizens

ഡോണൾഡ് ട്രംപ്, യുഎസ് പ്രസിഡന്‍റ്

File

പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് യുഎസ് നികുതി ചുമത്തും

ചെറിയ തുകയാണ് അയയ്ക്കുന്നതെങ്കിൽ പോലും അഞ്ചു ശതമാനം നികുതി നൽകണം.
Published on

വാഷിങ്ടൺ: യുഎസ് പൗരന്മാരല്ലാത്തവർ ഇനി യുഎസിന് പുറത്തേയ്ക്ക് പണമയച്ചാൽ അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഒഫ് റപ്രസെന്‍റേറ്റീവ്സ് മുന്നോട്ടു വച്ചു. ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിൽ ആകുമെന്നാണ് സൂചനകൾ. ചെറിയ തുകയാണ് അയയ്ക്കുന്നതെങ്കിൽ പോലും അഞ്ചു ശതമാനം നികുതി നൽകണം. ലോകത്ത് പ്രവാസിപ്പണം ഏറ്റവും അധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം പ്രവാസിപ്പണം എത്തുന്നത് ഇപ്പോൾ യുഎസിൽ നിന്നാണു താനും. യുഎസിൽ നിന്ന് 27.7 ശതമാനം, യുഎഇയിൽ നിന്ന് 19.2 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയിലേയ്ക്കു വരുന്ന പ്രവാസിപ്പണത്തിന്‍റെ കണക്ക്.

ഈ നിയമം പ്രാവർത്തികമാകുന്നതോടെ യുഎസിൽ ജോലി ചെയ്യുന്ന എച്ച്-1 ബി വിസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുറത്തേയ്ക്കു പണമയയ്ക്കാൻ അഞ്ചു ശതമാനം നികുതി അടയ്ക്കേണ്ടി വരും, അത് എത്ര ചെറിയ തുകയായാലും. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎസിൽ ജോലി ചെയ്ത് ഇന്ത്യയിലേയ്ക്ക് നിരന്തരം പണം അയയ്ക്കുന്നത്.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യുഎസിൽ ഉള്ളത്. 2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളർ ( 2.7 ലക്ഷം കോടി രൂപ)ആണ്. ലോകബാങ്കിന്‍റെ 2024 ലെ കണക്കു പ്രകാരം ലോകമെമ്പാടും ഉള്ള പ്രവാസികൾ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേയ്ക്ക് അയച്ചത്.

പ്രവാസിപ്പണം നേടുന്നതിൽ കാലങ്ങളായി ഇന്ത്യയാണ് ഒന്നാമത്. രണ്ടാം സ്ഥാനം മെക്സിക്കോയ്ക്കാണ്. മൂന്നാം സ്ഥാനത്ത് ചൈനയാണ്. പ്രവാസികളെയും അവരുടെ നാട്ടിലെ കുടുംബങ്ങളെയും നിരാശപ്പെടുത്തുന്നതാണ് യുഎസിന്‍റെ പുതിയ നികുതി നിർദേശം. 1000 ഡോളർ നാട്ടിലേയ്ക്ക് അയയ്ക്കുന്ന ഒരു പ്രവാസി 50 ഡോളർ നികുതി അടയ്ക്കേണ്ടി വരും. ഇതു നടപ്പായാൽ ഇന്ത്യയ്ക്ക് യുഎസ് പ്രവാസിപ്പണത്തിൽ നിന്ന് 160 കോടി ഡോളറിന്‍റെ(ഉദ്ദേശം 13,600 കോടി രൂപ) കുറവുണ്ടാകാം.

logo
Metro Vaartha
www.metrovaartha.com