ട്രംപ് എങ്ങാനും ഇനി മാർപാപ്പയാകുമോ! ആഗ്രഹം പരസ്യമാക്കി യുഎസ് പ്രസിഡന്‍റ്

മാർപാപ്പയാകാൻ താത്പര്യമുണ്ടെന്ന് മാധ്യമ പ്രവർത്തകരോടു ട്രംപ് പറഞ്ഞ തമാശ സീരിയസ് ചർച്ചയായി മാറി. പിന്നാലെ, മാർപാപ്പയുടെ വേഷത്തിലുള്ള സ്വന്തം ചിത്രം ട്രംപ് തന്നെ പോസ്റ്റ് ചെയ്തു

യുഎസ് പ്രസിഡന്‍റായുള്ള ആദ്യ ടേമിൽ ജനപ്രീതിയുടെ ഇടിവിന്‍റെ കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ചയാളാണ് ഡോണൾഡ് ട്രംപ്. പ്രസിഡന്‍റ് സ്ഥാനം നിലനിർത്താനുള്ള മത്സരത്തിൽ തോറ്റത് മറ്റൊരു റെക്കോഡായി. ഇതിനു പിന്നാലെ മൂന്നാമതും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ എതിർ പാർട്ടിക്കാർ മാത്രമല്ല, സ്വന്തം പാർട്ടിക്കാരും ആദ്യം പരിഹസിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായിപ്പോലും അദ്ദേഹം തെരഞ്ഞെടുക്കപ്പെടില്ലെന്നു പറഞ്ഞവർ ഏറെ. എന്നാൽ, ട്രംപ് സ്ഥാനാർഥിയാകുക മാത്രമല്ല, കൂടിയ പ്രായത്തിൽ യുഎസ് പ്രസിഡന്‍റായതിന്‍റെ റെക്കോഡ് കൂടി സൃഷ്ടിച്ചു.

ഇങ്ങനെയൊക്കെയുള്ള ട്രംപ് ഇപ്പോൾ മാർപാപ്പയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ പെട്ടെന്ന് ചിരി വന്നാലും, അതു പെട്ടെന്നങ്ങു മാറും. കാരണം, ആഗ്രഹിക്കുന്നത് നടത്തിയെടുക്കാൻ ഏതറ്റം വരെയും പോകാൻ സാധിക്കുന്ന ആളാണു താനെന്ന് തെളിയിച്ചു കഴിഞ്ഞു ട്രംപ്.

അടുത്ത മാർപാപ്പ ആരാകണമെന്നാണ് ആഗ്രഹം എന്ന ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിൽനിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. ''നിങ്ങൾക്കൊക്കെ നിർബന്ധമാണെങ്കിൽ ആ ചുമതല ഞാൻ ഏറ്റെടുത്തോളാം'' എന്ന മട്ടിലായിരുന്നു ട്രംപിന്‍റെ കുസൃതിച്ചിരിയോടെയുള്ള മറുപടി. കേട്ടവർ ആദ്യം ചിരിച്ചു. പിന്നെ ചിന്തിച്ചു, യുഎസ് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ട്രംപിന്‍റെ തമാശ സീരിയസായി ചർച്ച ചെയ്തു. ഇനി ശരിക്കും ട്രംപ് എങ്ങാനും...?!

യഥാർഥത്തിൽ, കത്തോലിക്കാ സഭയിലെ വൈദികർക്കു മാത്രമേ മാർപാപ്പയാകാൻ പാടുള്ളൂ എന്നൊരു നിബന്ധന ഇല്ല എന്നതാണ് യാഥാർഥ്യം. മാമ്മോദീസ മുങ്ങിയ റോമൻ കത്തോലിക്കനായ ഏതൊരു പുരുഷനും മാർപാപ്പയാകാം. കർദിനാൾമാരുടെ കോൺക്ലേവിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടണമെന്നു മാത്രം. കാലങ്ങളായി കർദിനാൾമാരിൽ നിന്ന് ഒരാളെ തന്നെ മാർപാപ്പയായി തെരഞ്ഞെടുക്കുന്നതാണ് കീഴ്‌വഴക്കം.

അൽമായർക്കും മാർപാപ്പയാകാൻ സഭാ നിയമപ്രകാരം തടസമില്ലെന്നിരിക്കെ, ട്രംപ് ഇതിനു പിന്നാലെ തന്‍റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഒരു ചിത്രം പങ്കുവച്ചു. തന്‍റെ തന്നെ ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചിത്രമായിരുന്നു അത്- അതിൽ ഡോണൾഡ് ട്രംപ് മാർപാപ്പയുടെ വേഷത്തിലിരിക്കുന്നു! ഇനി ട്രംപ് എങ്ങാനും അവിടെയും പത്രിക കൊടുത്തിട്ടുണ്ടാകുമോ...?! ട്രംപിന്‍റെ കാര്യമാണ്, ഒന്നും പറയാൻ പറ്റില്ല!

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com