
ചൈനയ്ക്ക് 50-100 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ്
വാഷിങ്ടണ്‍: യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കും ചൈനയ്ക്കുമെതിരേ കൂട്ടായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എല്ലാ നാറ്റോ രാജ്യങ്ങള്‍ക്കും കത്തെഴുതി.
റഷ്യയ്ക്കു മേല്‍ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കത്തില്‍ സൂചിപ്പിച്ച ട്രംപ് എല്ലാ നാറ്റോ രാജ്യങ്ങളും സമാന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, മോസ്‌കോയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും ട്രംപ് നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഒരു കുറിപ്പ് എഴുതുകയും ചെയ്തു.
നിങ്ങള്‍ക്കറിയാവുന്നതു പോലെ വിജയത്തോടുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തിലും താഴെയാണ്. ചിലര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു. ഇത് റഷ്യയുമായുള്ള വില പേശല്‍ ശക്തിയെ വളരെയധികം ദുര്‍ബലപ്പെടുത്തുന്നു ' ട്രംപ് കുറിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിക്കുന്നതു വരെ നാറ്റോ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ചൈനയ്ക്ക് 50 മുതല്‍ 100 ശതമാനം വരെ തീരുവകള്‍ ഏര്‍പ്പെടുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചു.
ഈ നടപടികള്‍ നടപ്പിലാക്കിയാല്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും സാധിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ എന്‍റെ സമയവും അമെരിക്കയുടെ സമയവും ഊര്‍ജവും പണവും പാഴാക്കുകയാണെന്നു സൂചിപ്പിച്ചു കൊണ്ടാണ് ട്രംപ് കത്ത് ഉപസംഹരിച്ചത്.
റഷ്യയുടെ മേല്‍ ചൈനയ്ക്കു ശക്തമായ സ്വാധീനവും നിയന്ത്രണവുമുണ്ട്. ഇതാണ് ചൈനയ്ക്കു മേല്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് ട്രംപ് സൂചിപ്പിച്ചു.
മുന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടത്തെയും ട്രംപ് വിമര്‍ശിച്ചു. യുക്രെയ്ന്‍-റഷ്യ യുദ്ധം ട്രംപിന്‍റെ യുദ്ധമല്ല. താന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ ഒരിക്കലും ഈ യുദ്ധം തുടങ്ങുമായിരുന്നില്ല. ഈ യുദ്ധം ബൈഡന്‍റെയും സെലെന്‍സ്‌കിയുടെയും യുദ്ധമാണ്. ഇത് തടയാനും ആയിരക്കണക്കിന് റഷ്യന്‍ യുക്രെയ്ന്‍ ജീവനുകളെ രക്ഷിക്കാനും മാത്രമാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് നവമാധ്യമത്തില്‍ കുറിച്ചു.