ട്രംപിന്‍റെ ബിഗ്, ബ്യൂട്ടിഫുൾ ബിൽ സെനറ്റിൽ പാസായത് നേരിയ ഭൂരിപക്ഷത്തിൽ

അടുത്ത പത്തു വർഷത്തിനുള്ളിൽ കമ്മി കുറഞ്ഞത് 3.3 ട്രില്യൺ ഡോളർ വർധിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു.
Trump's Big, Beautiful Bill Passed by the Senate

ട്രംപിന്‍റെ ബിഗ്, ബ്യൂട്ടിഫുൾ ബിൽ സെനറ്റ് പാസാക്കി

Updated on

വാഷിങ്ടൺ: മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്‍റെ നികുതി ചെലവ് മെഗാ ബിൽ നേരിയ ഭൂരിപക്ഷത്തിൽ പാസായി.

ഇതോടെ നിർദിഷ്ട നിയമനിർമാണം ഒരു പ്രധാന കടമ്പ പിന്നിട്ടു. സെനറ്റ് റിപ്പബ്ലിക്കന്മാർ പ്രസിഡന്‍റ് ട്രംപിന്‍റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാക്കി. 27 മണിക്കൂർ നീണ്ടു നിന്ന ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേയ്ക്ക് അയച്ചു.

വൺ ബിഗ് ബ്യൂട്ടിഫുൾ ആക്റ്റ് 24 മണിക്കൂറിലധികം നീണ്ട സംവാദത്തിനു ശേഷം വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ടൈ-ബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പാസായത്. ഇത് ഇനി ജനപ്രതിനിധി സഭയിലേയ്ക്ക് (ലോവർ ചേംബർ) മടങ്ങും. അവിടെ ഇതിനു കൂടുതൽ എതിർപ്പ് നേരിടേണ്ടി വരും.

ബില്ലിന്‍റെ മുൻ പതിപ്പ് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്മാർ ഒരു വോട്ടിന്‍റെ വ്യത്യാസത്തിലാണ് പാസാക്കിയിരുന്നത്. ജൂലൈ നാലിനകം ബില്ലിന്‍റെ അന്തിമ രൂപം നിയമമാക്കി തനിക്ക് അയയ്ക്കണമെന്ന് ട്രംപ് റിപ്പബ്ലിക്കൻ നിയന്ത്രിത കോൺഗ്രസിന് അന്ത്യ ശാസനം നൽകിയിരുന്നു. ഭേദഗതി ചെയ്ത ബിൽ പാസായതായി ചൊവ്വാഴ്ച ഉച്ചയ്ക്ക് വാൻസ് പറഞ്ഞപ്പോൾ സെനറ്റ് റിപ്പബ്ലിക്കന്മാർക്കിടയിൽ കയ്യടി ഉയർന്നു. ഡെമോക്രാറ്റുകൾ തങ്ങളുടെ സീറ്റുകളിലേയ്ക്ക് നിരാശയോടെ ഇരുന്നു തലയാട്ടി.

കമ്മി, സാമൂഹിക പരിപാടികൾ, ചെലവ് നിലവാരം എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ റിപ്പബ്ലിക്കന്മാർക്ക് വെല്ലുവിളിയായിരുന്നു. 940 പേജുകളുള്ള ഈ മെഗാ ബിൽ,ട്രംപിന്‍റെ 2017ലെ നികുതി ഇളവുകളുടെ ഭൂരിഭാഗവും നിലനിർത്തുന്നു. ടിപ്പുകളുടെയും ഓവർടൈം വേതനത്തിന്‍റെയും നികുതി കുറയ്ക്കുന്നു. പ്രതിരോധം, അതിർത്തി സുരക്ഷ, ഊർജ പര്യവേഷണം എന്നിവയ്ക്കുള്ള തുക കൂട്ടി.

ഒരു മാസത്തിലധികം നീണ്ട ചർച്ചകൾക്കു ശേഷം ബിസിനസ് നികുതി ഇളവുകൾ നീട്ടുന്നതിനും മെഡിക്കെയ്ഡ് തുക വെട്ടിക്കുറയ്ക്കുന്നതിനും കടമെടുക്കുന്നതിനുള്ള പരിധി നാലിൽ നിന്ന് അഞ്ചു് ട്രില്യൺ ഡോളറായി വർധിപ്പിക്കുന്നതിനും ബിൽ നിർദേശിക്കുന്നു. കൃത്രിമ ബുദ്ധിക്കെതിരായ സംസ്ഥാന നിയന്ത്രണങ്ങൾ എടുത്തു കളയും.

ചുരുക്കത്തിൽ അടുത്ത പത്തു വർഷത്തിനുള്ളിൽ കമ്മി കുറഞ്ഞത് 3.3 ട്രില്യൺ ഡോളർ വർധിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു. കടത്തിന്‍റെ പലിശ കൂടി കൂട്ടിയാൽ ഇത് 3.9 ട്രില്യൺ ഡോളറിലേയ്ക്ക് അടുക്കാൻ സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com