ഇറാൻ യുദ്ധം മതപരം, ട്രംപിന് കൺഫ്യൂഷൻ: തുടരണോ വേണ്ടയോ!

'ക്രിസ്ത്യൻസ് യുണൈറ്റഡ് ഫോർ ഇസ്രായേൽ' (CUFI) പോലുള്ള സംഘടനകളാണ് ട്രംപിന്‍റെ ഏറ്റവും വലിയ വോട്ട് ബാങ്കുകൾ. ഇസ്രയേലിന്‍റെ സുരക്ഷ ദൈവികമായ ആവശ്യമായാണ് ഈ വിഭാഗം കാണുന്നത്.
Trump's Iran war has religious turn

2017-ൽ ഡോണൾഡ് ട്രംപിനു ചുറ്റും നിന്നും പ്രാർഥിക്കുന്ന ഇവാഞ്ചലിക്കൽ പാസ്റ്റർമാർ.

File

Updated on

വാഷിങ്ടൺ: അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയില്ലാത്ത യുദ്ധങ്ങളിലൊന്നായി മാറിക്കഴിഞ്ഞു ഇറാനുമായുള്ള സംഘർഷം. ഇതോടെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലുമായി. എന്നാൽ, യുദ്ധത്തിനെതിരായ ജനരോഷം കണക്കിലെടുത്ത് ഇറാനിൽ നിന്നി പിന്മാറാനും സാധിക്കാത്ത സാഹചര്യമാണ് ട്രംപിനുള്ളത്. പിന്മാറിയാൽ തന്‍റെ വിശ്വസ്തരായ ഇവാഞ്ചലിക്കൽ വിഭാഗത്തിന്‍റെയും ക്രിസ്ത്യൻ സയണിസ്റ്റുകളുടെയും പിന്തുണ നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിനറിയാം.

കോൺകോർഡിയ സർവകലാശാലയിലെ ഗവേഷകരായ ആന്ദ്രെ ഗാഗ്നെ, ജേസൺ പിച്ചെ എന്നിവരുടെ ലേഖനത്തിലാണ് ഈ പ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കുന്നത്. 2026 മാർച്ച് ആദ്യം യുദ്ധം ആരംഭിച്ചപ്പോൾ 46 ശതമാനം അമെരിക്കക്കാരാണ് ഇതിനെ എതിർത്തിരുന്നതെങ്കിൽ, നിലവിൽ അത് 57 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

യുദ്ധത്തിന് ശക്തമായ പിന്തുണ നൽകുന്നത് ജോൺ ഹാഗി എന്ന പാസ്റ്ററുടെ നേതൃത്വത്തിലുള്ള 'ക്രിസ്ത്യൻസ് യുണൈറ്റഡ് ഫൊർ ഇസ്രായേൽ' (CUFI) പോലുള്ള സംഘടനകളാണ്. ഒരു കോടിയോളം അംഗങ്ങളുള്ള ഈ പ്രസ്ഥാനം ട്രംപിന്‍റെ ഏറ്റവും വലിയ വോട്ട് ബാങ്കുകളിലൊന്നാണ്. ഇസ്രയേലിന്‍റെ സുരക്ഷ ദൈവികമായ അടിയന്തര ആവശ്യമായാണ് ഈ വിഭാഗം കാണുന്നത്.

19-ാം നൂറ്റാണ്ടിൽ ജോൺ നെൽസൺ ഡാർബി എന്ന ബൈബിൾ പണ്ഡിതൻ മുന്നോട്ടുവെച്ച 'ഡിസ്പെൻസേഷണലിസം' എന്ന ദൈവശാസ്ത്ര ആശയവുമായാണ് ഇതിന് ബന്ധമുള്ളത്. യേശു ക്രിസ്തുവിന്‍റെ രണ്ടാം വരവിനും അവസാന കാലഘട്ടങ്ങൾക്കും ജൂതന്മാർ ഇസ്രായേലിൽ തങ്ങളുടെ മാതൃഭൂമി വീണ്ടെടുക്കുകയും മൂന്നാം ദേവാലയം നിർമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. അതിനാൽ ഇറാനെതിരേ അമെരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളെ ഈ വിഭാഗം പ്രോത്സാഹിപ്പിക്കുന്നു.

ഇറാനുമായി ഭാഗികമായ ചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഇസ്രയേലിന്‍റെ നിലനിൽപ്പിന് ഇത് ഭീഷണിയാണെന്നാണ് ക്രിസ്ത്യൻ സയണിസ്റ്റുകളുടെ വാദം.

ഇറാനെ പൂർണമായി നിർവീര്യമാക്കണമെന്നാണ് പാസ്റ്റർ റസ്സൽ ജോൺസൺ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. ഇസ്രയേലിനെ സഹായിക്കുന്നവർക്ക് ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകുമെന്ന ബൈബിൾ വചനമാണ് (ഉത്പത്തി 12:3) ഇവർ ചൂണ്ടിക്കാണിക്കുന്നത്.

38 ശതമാനം മാത്രം ജനപ്രീതിയുള്ള ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. യുദ്ധം അവസാനിപ്പിച്ചാൽ തന്‍റെ ഇവാഞ്ചലിക്കൽ വോട്ട് ബാങ്കിനെ അകറ്റേണ്ടി വരും. യുദ്ധം തുടർന്നാൽ ഭൂരിഭാഗം അമെരിക്കക്കാരുടെയും എതിർപ്പ് വർധിക്കും. ഏതായാലും യുദ്ധം ശക്തമാക്കാൻ തീരുമാനിച്ചാൽ ക്രൈസ്തവ സയണിസ്റ്റുകൾ മുൻപന്തിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com