

കുട്ടികൾ സൂപ്പർഹീറോകളെ അനുകരിക്കുന്നതും അവരുടെ കഴിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ പല തരത്തിലുള്ള അപകടകരമായ വിദ്യകൾ കാണുക്കുന്നതും പതിവാണ്. അത്തരത്തിൽ ചിലന്തിയുടെ കടിയേറ്റ് 'സ്പൈഡർമാന്‍' ആകാനുള്ള 8 വയസുകാരന്‍റെ നിഷ്കളങ്കമായ ആഗ്രഹമാണ് ഇപ്പോൾ വന്‍ അപകടത്തിൽ അവസാനിച്ചത്.
ബൊളീവിയയിൽ നിന്നുള്ള കുട്ടിക്കുറുമ്പനാണ് വെബ് സീരീസുകളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ചിലന്തിയുടെ കടിയേറ്റത്. തന്‍റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്തുവച്ചാണ് "ബ്ലാക്ക് വിഡോ സ്പൈഡർ" വിഭാഗത്തിൽപ്പെട്ട കൊടിയ വിഷമുള്ള ചിലന്തിയുടെ കടി കുട്ടിക്കേറ്റത്. ചിലന്തിയുടെ കടിയേറ്റാൽ താനും 'സ്പൈഡർമാന്‍' ആകുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ കൈപ്പത്തിയുടെ പുറകിലായി കടിക്കാന്‍ അനുവദിച്ചത്. എന്നാൽ 3 മണിക്കൂറുകളോളം കഴിഞ്ഞപ്പോൾ കുഞ്ഞിന് കഠിനമായ ശാരീരിക വേദനയും ക്ഷീണവും അനുഭവപ്പെട്ടു.
ഇതോടെ സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്ന് പറഞ്ഞു. അപകടം മനസിലാക്കിയ അമ്മ ഉടനെ കുഞ്ഞിനെ ആശുപത്രയിലെത്തിച്ചു. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. സൂപ്പർഹീറോകളെ അനുകരിക്കാന്‍ ശ്രമിച്ചതിന്‍റെ അനന്തരഫലങ്ങളാണ് അപകടത്തിലെത്തിച്ചതെന്നും പീഡിയാട്രീഷ്യൻ ഡോ. ഏണസ്റ്റോ വാസ്‌ക്വസ് മാധ്യമങ്ങളെ അറിയിച്ചു.