ഇറാന്‍റെ ആണവ പദ്ധതികൾ നിരീക്ഷിക്കാൻ ശക്തമായ പരിശോധനാ സംവിധാനം വേണം

മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി
Iran: International Atomic Energy Agency chief Rafael Grossi warns

ഇറാൻ:മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി

Updated on

ടെഹ്റാൻ: ഇറാന്‍റെ ആണവ പദ്ധതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അതീവ ശക്തമായ ഒരു പരിശോധനാ സംവിധാനം അടിയന്തരമായ നടപ്പിലാക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ആവശ്യപ്പെട്ടു.

അമെരിക്കയുമായി ഉണ്ടാക്കിയ പ്രാഥമിക വെടിനിർത്തൽ കരാറിന്‍റെ പ്രധാന ലക്ഷ്യം ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്നതാണെന്നും ഇതിനായി തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ പൂർണമായ പ്രവേശനാനുമതി നൽകണമെന്നും വെള്ളിയാഴ്ച അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ടെഹ്റാന്‍റെ ആണവപദ്ധതികൾ ആയുധ നിർമാണ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് അമെരിക്കയും അവരുടെ പാശ്ചാത്യ സഖ്യ കക്ഷികളും വർഷങ്ങളായി ആരോപിക്കുന്നുണ്ട്.

എന്നാൽ തങ്ങൾക്ക് അത്തരം ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും തങ്ങളുടെ ആണവ ഗവേഷണങ്ങൾ പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്കും സിവിലിയൻ മേഖലയ്ക്കും വേണ്ടിയുള്ളതാണെന്നുമാണ് ഇറാന്‍റെ വാദം.

ആണവായുധങ്ങൾ നിർമിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് ഇറാനിയൻ സർക്കാർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന കാര്യം ശരിയാണെന്ന് ജപ്പാനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ഗ്രോസി സമ്മതിച്ചു.

എങ്കിലും കേവലം വാക്കുകളിലോ ഉദ്ദേശ്യങ്ങളിലോ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാൻ ആകില്ലെന്നും കൃത്യമായ നിശ്ചയദാർഢ്യം ഉണ്ടാകണമെങ്കിൽ എത്രയും വേഗം പ്രായോഗികവും കുറ്റമറ്റതുമായ ഒരു അന്താരാഷ്ട്ര പരിശോധനാ സംവിധാനം അവിടെ നിലവിൽ വരണമെന്നും ഐഎഇഎ മേധാവി കൂട്ടിച്ചേർത്തു. ഇതിലൂടെ മാത്രമേ ആണവ സാമഗ്രികളുടെ സുരക്ഷയും സമാധാനപരമായ ഉപയോഗവും ലോകത്തിനു മുന്നിൽ ഉറപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com