

അഫ്ഗാൻ വംശജ ഫാത്തിമ പേമാൻ/ പോളിൻ ഹാൻസൺ
social media
കുടിയേറ്റ വിരുദ്ധ വൺ നേഷൻ നേതാവാണ് ആസ്ട്രേലിയൻ സെനറ്റർ എഴുപത്തൊന്നുകാരി പോളിൻ ഹാൻസൺ. മുസ്ലിം വസ്ത്രം നിരോധിക്കണമെന്ന പോളിന്‍റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള പോളിന്‍റെ പ്രതിരോധ മുറയാണ് രസകരം- മുസ്ലിം വസ്ത്രമായ ബുർഖ ധരിച്ചു കൊണ്ട് സെനറ്റിലെത്തിയാണ് മുസ്ലിം വസ്ത്രം നിരോധിക്കണമെന്ന ആവശ്യം പോളിൻ ഉന്നയിച്ചത്.
കുടിയേറ്റ വിരുദ്ധ വൺ നേഷൻ പാർട്ടിയിലെ ക്വീൻസ്‌ലാൻഡ് സെനറ്ററായ അവർ പൊതു നിരത്തുകളിൽ മുഖം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ബുർഖ ധരിച്ച് സെനറ്റിൽ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പോളിൻ ഹാൻസൺ സെനറ്റിൽ ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റു നിയമനിർമാതാക്കൾ അവരെ തടഞ്ഞു. അതിനു തൊട്ടു പിന്നാലെയാണ് അവർ കറുത്ത ബുർഖ ധരിച്ച് തിരിച്ചെത്തി വ്യത്യസ്തമായ രീതിയിൽ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതോടെ പോളിനെതിരെ മറ്റു സെനറ്റർമാർ കടുത്ത വംശീയത പറഞ്ഞ് കടന്നാക്രമണം നടത്തി.
ആസ്ട്രേലിയയിലെ മുസ്ലിം ഗ്രീൻ സെനറ്ററായ മെഹ്രീൻ ഫാറൂഖി, വെസ്റ്റേൺ ആസ്ട്രേലിയ സംസ്ഥാനത്തെ സ്വതന്ത്ര സെനറ്ററായ അഫ്ഗാൻ വംശജ ഫാത്തിമ പേമാൻ, വിദേശകാര്യമന്ത്രി പെന്നി വോങ് എന്നിവർ പോളിനെതിരെ ശക്തമായി അപലപിച്ചു രംഗത്തെത്തി.അതോടെ പോളിൻ ഹാൻസൺ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:
"ഞാൻ അത് ധരിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ , ബുർഖ നിരോധിക്കുക'
1996ൽ ആസ്ര്ടേലിയൻ സെനറ്റിനെ അഭിസംബോധന ചെയ്ത തന്‍റെ കന്നി പ്രസംഗത്തിൽ തന്നെ ഹാൻസൺ കടുത്ത വിമർശനത്തിനിരയായി. ആസ്ര്ടേലിയ മുസ്ലിങ്ങളാൽ ചതുപ്പു നിലമാകാൻ സാധ്യതയുണ്ടെന്ന് ഹാൻസൺ പ്രസംഗിച്ചതാണ് കടുത്ത വിമർശനത്തിനു കാരണമായത്. 2017ൽ പാർലമെന്‍റിൽ അവർ ബുർഖ ധരിച്ചെത്തുകയും ബുർഖയ്ക്ക് ദേശീയ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.