

നേപ്പാളിന് അടിയന്തര സഹായമായി ഒരു കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി യുഎഇ ഒരു കോടി ഡോളർ (10 ദശലക്ഷം യുഎസ് ഡോളർ) അനുവദിച്ചു. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് യുഎഇ എയ്ഡ് ഏജൻസി വഴി ഈ തുക അനുവദിച്ചത്.
ദുരന്തബാധിതരായ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി യു.എ.ഇ എയ്ഡ് ഏജൻസിയുടെ സംഘങ്ങൾ അവിടത്തെ പ്രാദേശിക ഭരണകൂടങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമീരി വ്യക്തമാക്കി.
ദുരന്തമുഖത്ത് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യുഎഇ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.