
യുഎഇ മയക്കുമരുന്ന് വിരുദ്ധ അഥോറിറ്റി സ്ഥാപിച്ചു.
അബുദാബി: നാഷണൽ ആന്‍റി നർകോട്ടിക്‌സ് അഥോറിറ്റി സ്ഥാപിക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ആന്‍റി നർകോട്ടിക്‌സിനു പകരമായി സ്ഥാപിതമായ പുതിയ അഥോറിറ്റിയുടെ അധ്യക്ഷൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യനായിരിക്കും. യുഎഇയിലെ മയക്കുമരുന്ന് സംബന്ധമായ പ്രശ്നങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാനുള്ള കേന്ദ്ര സ്ഥാപനമായി ഇത് പ്രവർവർത്തിക്കും.
മയക്കുമരുന്ന് പ്രശ്‌നങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള നയങ്ങൾ, നിയമങ്ങൾ എന്നിവ രൂപീകരിക്കുകയും അവ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെ പ്രധാന ചുമതലകൾ. കള്ളക്കടത്ത്, വിതരണ ശൃംഖലകളെ അധികൃതരുമായി ചേർന്ന് ട്രാക്ക് ചെയ്ത് ഇല്ലായ്മ ചെയ്യാനും മയക്കുമരുന്ന് കടത്തിനെ ചെറുക്കാനും ഇത് സഹായിക്കും.
ലഹരിക്ക് അടിമകളായവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും മേൽനോട്ടം വഹിക്കുക, മയക്കുമരുന്നാസക്തിയെക്കുറിച്ച് പഠനങ്ങൾ നടത്തുക, ഗവേഷണ പഠനങ്ങൾ നിർവഹിക്കുക എന്നിവയും അഥോറിറ്റിയുടെ ചുമതലകളിൽ പെടുന്നു. മയക്കുമരുന്ന് കടത്ത് ശൃംഖലകളെ നിർവീര്യമാക്കുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ദൗത്യം. മയക്കുമരുന്നുകളെക്കുറിച്ചുള്ള ദേശീയ നയം രൂപപ്പെടുത്തുന്നതും അഥോറിറ്റിയുടെ ചുമതലയാണ്.