യുഎഇ സമ്പദ് വ്യവസ്ഥയിൽ 24 മടങ്ങ് വളർച്ച

കഴിഞ്ഞ 53 വർഷത്തിനിടെ യുഎഇയുടെ സമ്പദ്‌ വ്യവസ്ഥ 24 മടങ്ങ് വളർച്ച നേടിയതായി യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി
യുഎഇ സമ്പദ് വ്യവസ്ഥയിൽ 24 മടങ്ങ് വളർച്ച | UAE economy grows 24 per cent in 53 years
യുഎഇ സമ്പദ് വ്യവസ്ഥയിൽ 24 മടങ്ങ് വളർച്ച
Updated on

ദുബായ്: കഴിഞ്ഞ 53 വർഷത്തിനിടെ യുഎഇയുടെ സമ്പദ്‌ വ്യവസ്ഥ 24 മടങ്ങ് വളർച്ച നേടിയതായി യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി. അബുദാബി ബിസിനസ് വീക് ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എണ്ണ ഇതര വ്യാപാരം റെക്കോർഡ് ഉയരങ്ങളിലേക്ക് ഉയർത്താൻ സിഇപിഎ സഹായിച്ചിട്ടുണ്ടെന്നും അൽ സിയൂദി അഭിപ്രായപ്പെട്ടു.

24 രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സെപ) യുഎഇ ഒപ്പു വച്ചിട്ടുണ്ട്. ഇവയിൽ ആറ് രാജ്യങ്ങളുമായി കരാർ പ്രകാരമുള്ള വ്യാപാരം നടക്കുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിപ്പിക്കാനായി ഇറക്കുമതിക്കും കയറ്റുമതിക്കും മേലുള്ള കസ്റ്റംസ് തീരുവകളും താരിഫുകളും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നതിനാണ് കരാറുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യാപാരത്തിന് ശക്തമായ ഊന്നൽ നൽകുന്നതാണ് യു.എ.ഇയുടെ 2031ലെ അജണ്ട. സെപ മുഖേന അടുത്ത ഏഴ് വർഷത്തിനുള്ളിൽ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 4 ട്രില്യൺ ദിർഹം രാജ്യം ലക്ഷ്യമിടുന്നു. കൂടാതെ, കയറ്റുമതി 800 ബില്യൺ ദിർഹമായി വർധിപ്പിക്കും. 2022 മുതൽ ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളുമായി പല തരത്തിലുള്ള സ്വതന്ത്ര വ്യാപാര ഇടപാടുകൾ പൂർത്തിയാക്കി. അതിൽ ആറെണ്ണം പ്രധാന പങ്കാളികളായ ഇന്ത്യയും തുർക്കിയും തമ്മിലുള്ളതാണ്.

എണ്ണ ഇതര വ്യാപാരം ആദ്യ പകുതിയിൽ എക്കാലത്തെയും ഉയർന്ന തുകയായ 1.39 ട്രില്യൺ ദിർഹം എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. പ്രതിവർഷം 11.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. യുഎഇയുടെ സാമ്പത്തിക വളർച്ച വ്യാപാരം, സാങ്കേതിക വിദ്യ, നിക്ഷേപങ്ങൾ എന്നീ മൂന്ന് ഘടകങ്ങളെ ആധാരമാക്കിയാണ് നിലകൊള്ളുന്നതെന്നും അൽ സിയൂദി കൂട്ടിച്ചേർത്തു.

എണ്ണ ഇതര കയറ്റുമതി 25 ശതമാനം വർധിച്ച് 265 ബില്യൺ ദിർഹമായി. സെപ്തംബർ അവസാനത്തോടെയുള്ള കണക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. എഐ, മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ ചെയിൻ, റോബോട്ടിക്‌സ്, ഐ.ഒ.ടി എന്നിങ്ങനെ എല്ലാ മേഖലകളിലും നൂതന സാങ്കേതിക വിദ്യകളുടെ സംയോജനം വേഗത്തിലാക്കി യു.എ.ഇ അതിന്‍റെ സമ്പദ്‌ വ്യവസ്ഥയുടെ ഭാവി സുരക്ഷിതമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com