

ഇലോൺ മസ്ക്
File photo
അബുദാബി: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്‍റർനെറ്റ് ദാതാക്കളായ 'സ്റ്റാർലിങ്കിന്' യുഎഇയിൽ ഔദ്യോഗികമായി പത്ത് വർഷത്തെ ലൈസൻസ് അനുവദിച്ചു. യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടിഡിആർഎ) രാജ്യത്ത് ഉപഗ്രഹ ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി സ്പേസ് എക്സിന്‍റെ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സർവീസസിന് ലൈസൻസ് നൽകിയത്.
ഈ അനുമതിയിലൂടെ രാജ്യത്ത് പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് സ്ഥാപിക്കാനും, പ്രവർത്തിപ്പിക്കാനും, നിയന്ത്രിക്കാനും കമ്പനിക്ക് സാധിക്കും.
നിലവിലുള്ള ദേശീയ ടെലികോം ചട്ടക്കൂടുകൾക്ക് വിധേയമായിട്ടായിരിക്കും സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തിക്കുക. വിദൂര പ്രദേശങ്ങളിലും ഇന്‍റർനെറ്റ് ലഭ്യത കുറഞ്ഞ മേഖലകളിലും അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ വ്യാപിപ്പിക്കാൻ ഈ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.