
ദുബായ്: യുഎഇയിലെ മസ്ജിദ് അങ്കണങ്ങളിൽ 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനം. 'പ്ലാന്‍റ് ദി എമിറേറ്റ്സ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. കൃഷി, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ഉന്നതമായ ദർശനം പുലർത്തിയിരുന്ന ഷെയ്ഖ് സായിദിന്‍റെ പാരമ്പര്യത്തിനുള്ള ആദരം കൂടിയാണിത്.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്‍റുകൾ, സകാത്ത് എന്നിവക്ക് വേണ്ടിയുള്ള ജനറൽ അതോറിറ്റി എന്നിവ ചേർന്നാണ് 'പള്ളികളിൽ മരം നടുക' എന്ന പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.
പരമ്പരാഗത ഇസ്ലാമിക രൂപകൽപ്പനകൾ കൊണ്ട് മനോഹരമായ പള്ളികളും അവയുടെ വിശാലമായ മുറ്റങ്ങളും ഈ പുതിയ സംരംഭത്തിന്‍റെ ഭാഗമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ജൈവികവുമായി മാറുകയാണ്.