
ദുബായ്: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി 70 അബ്രകൾ അണിനിരത്തിയുള്ള അബ്ര പരേഡിന് ചൊവ്വാഴ്ച ദുബായ് ക്രീക്ക് വേദിയാകും. പരമ്പരാഗത രീതിയിൽ മരത്തിൽ നിർമിച്ച അബ്രകളാണ് അണിനിരത്തുന്നത്. ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആണ് സന്ദർശകർക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന അബ്ര പരേഡ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച ദുബായ് ക്രീക്കിലെ അൽ സബ്ക് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽ നിന്നായിരിക്കും അബ്ര പരേഡ് പുറപ്പെടുക. യുഎഇയുടെ ദേശീയ പതാകകൾ ഘടിപ്പിച്ച അബ്രകളുടെ പരേഡ് സന്ദർശകർക്ക് ആസ്വദിക്കാനുള്ള മികച്ച സൗകര്യങ്ങൾ ആർടിഎ ഒരുക്കിയിട്ടുണ്ട്.
കൂടാതെ തിങ്കളാഴ്ച ഇത്തിസലാത്ത് ബൈ ഇ ആൻഡ് മെട്രൊ സ്റ്റേഷനിൽ എത്തുന്ന സന്ദർശകർക്ക് യുഎഇയുടെ ദേശീയ പതാകകൾ വിതരണം ചെയ്യും. അതോടൊപ്പം യുഎഇയുടെ ഭരണാധികാരികളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ച ബിൽബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. വാട്ടർ കനാലിലെ വെള്ളച്ചാട്ടം യുഎഇയുടെ പതാകകളിലെ നിറങ്ങൾ കൊണ്ട് പ്രകാശപൂരിതമാക്കും. ഈദുൽ ഇത്തിഹാദ് പ്രമേയ-രൂപകൽപന സ്മാർട്ട് ട്രാഫിക് ബോർഡുകളിലും മെട്രൊ, ട്രാം സ്ക്രീനുകളിലും പ്രദർശിപ്പിക്കും.
സന്നദ്ധ സംഘടനയായ ഫർജാനുമായി സഹകരിച്ച് ആർടിഎ ജുമൈറയിലും അൽ ഖവാനീജിലും പരിസര പ്രദേശങ്ങളിലും ഡിസംബർ നാലുവരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.