

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ദുബായ് റൂളേഴ്സ് കോർട്ട് അറിയിച്ചു. ദുബായ് പൊലീസിന്‍റെയും പബ്ലിക് സർവീസിന്‍റെയും ഡെപ്യൂട്ടി ചെയർമാനും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്‍റുമായിരുന്നു. ആദരസൂചകമായി ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
യുകെയിലെ റോയൽ മിലിട്ടറി അക്കാഡമി സാൻഡ്‌ഹേഴ്സ്റ്റിൽനിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, ദുബായുടെ സെൻട്രൽ മിലിട്ടറി റീജ്യനിൽ ചേർന്നു. പിന്നീട് അതിന്‍റെ കമാൻഡർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഈ മിലിട്ടറി റീജ്യൻ യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളിലൊന്നായി വളർന്നത്.
കായിക രംഗത്ത്, പ്രത്യേകിച്ച് അൽ വസൽ സ്പോർട്സ് ക്ലബിന്‍റെ വളർച്ചയിൽ ഷെയ്ഖ് അഹമ്മദ് നിർണായക പങ്കുവഹിച്ചു. ആറു പതിറ്റാണ്ടോളം ക്ലബുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം 1962ൽ അതിന്‍റെ ആദ്യ ഡയറക്റ്റർ ബോർഡ് രൂപീകരിക്കാൻ മുകൈയെടുക്കുകയും 1974 വരെ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് പ്രസിഡന്‍റായി തുടർന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് അൽ വസൽ യുഎഇയിലെ പ്രമുഖ ക്ലബുകളിലൊന്നായി മാറിയത്.
യുഎഇയിലെ കുതിരപ്പന്തയ മേഖലയുടെ വികസനത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഹോഴ്സ് റേസിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ജബൽ അലി റേസ്‌കോഴ്‌സ് സ്ഥാപിച്ച അദ്ദേഹം, 'അൽ അദിയാത്ത്', ദുബായ് ഹോഴ്‌സ് റേസിങ് സെന്‍റർ എന്നിവക്കും തുടക്കമിട്ടു.
സഹോദരന്‍റെ വേർപാടിൽ അനുശോചിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിപ്പ് പങ്കുവച്ചു. തങ്ങളുടെ കാഴ്ചയിൽ നിന്ന് താങ്കൾ മറഞ്ഞെങ്കിലും പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് കുറിപ്പിൽ പറഞ്ഞു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്‍റെ പിതൃസഹോദരന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.