അബുദാബി: നിർമിത ബുദ്ധി രംഗത്ത് യുഎഇ യും യുഎസും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അമേരിക്കൻ സന്ദർശനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സാമ്പത്തിക വളർച്ച, വിദ്യാഭ്യാസ വികസനം, ആരോഗ്യ-തൊഴിൽ മേഖലകൾ, പാരിസ്ഥിതിക സുസ്ഥിരത എന്നീ രംഗങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പുരോഗതി കൊണ്ടുവരുമെന്ന് ഇരു രാജ്യങ്ങളും അംഗീകരിച്ച പ്രസ്താവനയിൽ പറയുന്നു.
അബുദാബി ഉപഭരണാധികാരിയും ദേശിയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തനൂൺ ബിൻ സായിദ് അൽ നഹ്യാൻ യു എസ് ദേശിയ സുരക്ഷ ഉപദേഷ്ടാവ് ജാക് സള്ളിവൻ എന്നിവരാണ് ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്. നിർമിത ബുദ്ധി ഗവേഷണവും ഉപയോഗവും ധാർമികത, വിശ്വാസ്യത എന്നിവയിൽ അധിഷ്ഠിതമായിരിക്കണമെന്ന് രണ്ട് രാജ്യങ്ങളും അംഗീകരിച്ച സംയുക്ത രേഖയിൽ വ്യക്തമാക്കുന്നു.