വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

അടുത്ത തെരഞ്ഞെടുപ്പ് 2029 ലാണ് നടക്കുന്നത്.
UK plans to lower voting age to 16

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

Updated on

ലണ്ടന്‍: രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നതിന്‍റെ ഭാഗമായി യുകെയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും പതിനാറും പതിനേഴും വയസുള്ളവര്‍ക്കു വോട്ടവകാശം നല്‍കാന്‍ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ജനാധിപത്യത്തിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നിര്‍ദിഷ്ട മാറ്റങ്ങളെന്നു സര്‍ക്കാര്‍.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുകെയില്‍ 16 ഉം 17 ഉം വയസുള്ള ഏകദേശം 16 ലക്ഷം പേരുണ്ട്. ബ്രിട്ടനില്‍ നടന്ന കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 4.8 കോടിയിലധികം ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് 2029 ലാണ് നടക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും നിലവില്‍ തെരഞ്ഞെടുപ്പുകളില്‍ പ്രായം കുറഞ്ഞ വോട്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

ആഗോളതലത്തില്‍ മിക്ക രാജ്യങ്ങള്‍ക്കും വോട്ടവകാശത്തിനുള്ള പ്രായം 18 ആണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് 16 വയസ് മുതല്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയുണ്ടായി.

ബ്രിട്ടനിലെ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, പാര്‍ലമെന്‍റില്‍ അംഗീകാരം ലഭിക്കാന്‍ തടസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. കാരണം കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍റെ പ്രധാനമന്ത്രി കിയർ സ്റ്റാര്‍മറിനു വലിയ ഭൂരിപക്ഷം നല്‍കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു വോട്ടിങ് പ്രായം കുറയ്ക്കുമെന്ന വാഗ്ദാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com