യുക്രെയ്ൻ ഉടക്കിലാണ്, അയല്‍ക്കാർ പിണങ്ങുന്നു

യുക്രെയ്‌നില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു എന്ന് പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വിലയിരുത്തുന്നു
യുക്രെയ്ൻ ഉടക്കിലാണ്, അയല്‍ക്കാർ പിണങ്ങുന്നു

കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ കടുത്ത പോരാട്ടം തന്നെ നടത്തിവരുന്ന യുക്രെയ്ൻ അയലത്തെ സുഹൃദ് രാജ്യങ്ങളുമായി ഇടയുന്നു. ധാന്യ ഇറക്കുമതി സംബന്ധിച്ച തര്‍ക്കമാണ് വഷളായിക്കൊണ്ടിരിക്കുന്നത്.

യുക്രെയ്‌നില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സ്വന്തം രാജ്യത്ത് വിലയിടിവിനു കാരണമാകുന്നുവെന്നും, ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു എന്നുമാണ് പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും വിലയിരുത്തല്‍. ഇതെത്തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നുള്ള ധാന്യ ഇറക്കുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ഈ നിയന്ത്രണം ഇയു പിന്നീട് നീക്കം ചെയ്‌തെങ്കിലും പോളണ്ടും ഹംഗറിയും സ്ലൊവാക്യയും നിയന്ത്രണം തുടരുകയാണ്. ഇതിനെതിരേ യുക്രെയ്ന്‍ നിയമയുദ്ധവും ആരംഭിച്ചു. ഈ മൂന്നു രാജ്യങ്ങളും റഷ്യയെ സഹായിക്കുകയാണു ചെയ്യുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്‌കി ഐക്യരാഷ്ട സഭയുടെ പൊതുസഭയില്‍ പ്രസംഗിക്കുക കൂടി ചെയ്തതോടെ അഭിപ്രായ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

പോളണ്ടിനെയാണ് ഈ പരാമര്‍ശം ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ യുക്രെയ്ന്‍കാര്‍ പലായനം ചെയ്തിരിക്കുന്നത് പോളണ്ടിലേക്കാണ്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി, ഇവരെയെല്ലാം രാജ്യം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതികൂടാതെ നാറ്റോ സഖ്യ രാജ്യങ്ങളില്‍നിന്നുള്ള ആയുധങ്ങള്‍ യുക്രെയ്‌ന് കിട്ടിക്കൊണ്ടിരിക്കുന്നതും പ്രധാനമായും പോളണ്ടിന്റെ അതിര്‍ത്തി വഴിയാണ്.

സെലന്‍സ്‌കിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന്, പോളണ്ടിലെ യുക്രെയ്ന്‍ അംബാസഡറെ വിളിച്ചുവരുത്തി കടുത്ത ഭാഷയില്‍ തന്നെ വിദേശ മന്ത്രാലയം പ്രതിഷേധമറിയിച്ചിരിക്കുകയാണ്. ഇനി സ്വന്തം നിലയ്ക്ക് യുക്രെയ്‌ന് ആയുധം കൈമാറില്ലെന്നും പോളണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com