

ഡോണൾഡ് ട്രംപ്
file photo
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തിരിച്ചടി തീരുവയുടെ കാര്യത്തിൽ നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തീരുവകൾ ഈടാക്കിയതിനെതിരെ കീഴ്ക്കോടതികളുടെ വിധികൾ വന്നിരുന്നു. ഇതിനെതിരെ ട്രംപ് നൽകിയ ഹർജിയാണ് ഇന്ന് പരമോന്നത കോടതി പരിഗണിക്കുന്നത്.
പരമോന്നത കോടതിയിൽ നിന്നു തിരിച്ചടിയുണ്ടായാൽ ട്രംപ് ഭരണകൂടത്തിന് അത് വലിയ പ്രഹരമായിരിക്കും. തീരുവകൾ നില നിൽക്കുമോ എന്ന സംശയം നേരത്തെ വാദം കേട്ടപ്പോൾ സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു. സുപ്രീം കോടതി വിധി എതിരായാൽ തീരുവയായി പിരിച്ചെടുത്ത തുക തിരിച്ചു കൊടുക്കേണ്ടി വരും.
തീരുവ ഈടാക്കാനുള്ള ഭരണകൂട തീരുമാനം സുപ്രീം കോടതി അസാധുവാക്കിയാൽ അമെരിക്കയ്ക്ക് അത് വലിയ സാമ്പത്തിക ദുരന്തം ആകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കോടതി വിധി എതിരായാൽ ലോക രാജ്യങ്ങൾക്കു മേൽ തീരുവയുടെ പേരിൽ ട്രംപ് നേടിയ മേൽക്കോയ്മ തകർന്നടിയും.
ഈ നിർണായക സാഹചര്യത്തിൽ ലോക രാജ്യങ്ങളെല്ലാം ഈ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച തീരുവയെ ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.