

ആസിയാൻ ഉച്ചകോടി: മോദി പങ്കെടുക്കില്ല
file photo
ന്യൂഡൽഹി: മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെർച്വലായി മാത്രമായിരിക്കും പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ സാന്നിധ്യം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യോഗത്തിൽ പങ്കെടുക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഈ അവസരത്തിൽ ട്രംപ്-മോദി കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു സൂചനകൾ. ട്രംപ് ക്വാലാലം പൂരിലെത്തുന്നുണ്ടെങ്കിലും മോദി എത്തില്ലാത്തതിനാൽ ട്രംപ്-മോദി കൂടിക്കാഴ്ച ഇനിയും നീളും.
സാധാരണ ഗതിയിൽ ആസിയാൻ ഉച്ചകോടികളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സജീവ സാന്നിധ്യം ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാസം ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കാൻ താൻ ആഗ്രഹിക്കുന്നതായും വരും ആഴ്ചകളിൽ മോദിയെ താൻ കാണാനാഗ്രഹിക്കുന്നു എന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ട്രംപ്-മോദി കൂടിക്കാഴ്ച നടക്കുമെന്ന അഭ്യൂഹം പരക്കാനിടയായത്.