
ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്‍റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഈ വിവരം ചോർത്തിയതിനു പിന്നിൽ ഡെമോക്രാറ്റിക് പാർട്ടിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അവർക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഇറാന്‍റെ ആണവ പദ്ധതികളെ ദുർബലമാക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും, ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യോമാക്രമണങ്ങൾ ഇറാന്‍റെ ആണവശേഷി നശിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവരം ചോർന്നത് എങ്ങനെയെന്നതിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയും ഉറവിടം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വിവരങ്ങൾ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കുന്നത് പരിമിതപ്പെടുത്താൻ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.