
മൈക്ക് ഹക്കബി
ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടെൽ അവീവിലെ യുഎസ് എംബസി ഇറാൻ ആക്രമിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് സന്ദർശനവും അമെരിക്കയ്ക്ക് അകത്തു നിന്നുള്ള നിർദേശങ്ങളും മൂലം ട്രംപിന് ഇസ്രയേലിന്‍റെ ഇറാൻ ആക്രമണത്തിൽ പങ്കു ചേരാതിരിക്കാൻ ശക്തമായ സമ്മർദ്ദമാണ് ഉള്ളത്.
ഇറാൻ ആക്രമണം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇസ്രയേൽ അമെരിക്കയുടെ സഹായം തേടിയിരുന്നു. എന്നാൽ അമെരിക്ക പങ്കാളിയാകുന്നില്ല എന്നറിയിച്ചതിനെ തുടർന്നാണ് ഇസ്രയേൽ തനിച്ച് ആക്രമണത്തിനു മുതിർന്നത്. എന്നാൽ ഇറാന്‍റെ ഭാഗത്തു നിന്ന് പ്രത്യാക്രമണങ്ങൾ ഉണ്ടായതോടെ ഇസ്രയേൽ വീണ്ടും അമെരിക്കയുടെ മുന്നിൽ എത്തി. അമെരിക്കയുടെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേയ്ക്ക് വരുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഇറാന്‍റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും ട്രംപിനെ വധിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പമാണ് ഇറാന്‍റെ പുതിയ ആക്രമണത്തിൽ ഇസ്രയേലിലെ യുഎസ് എംബസി തകർന്നതായി യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ട്വീറ്റ് ചെയ്തത്. ഈ പശ്ചാത്തലത്തിൽ ഇറാൻ- ഇസ്രേയൽ സംഘർഷത്തിൽ അമെരിക്കൻ പങ്കാളിത്തം വരും മണിക്കൂറുകളിൽ കൂടുതൽ ചർച്ചയാകും.
എന്നാൽ ഇസ്രയേൽ ആക്രമണങ്ങളെ കുറിച്ച് തങ്ങൾക്ക് എല്ലാം അറിയാമായിരുന്നു എന്നും ഇസ്രയേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.