

വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ
ടെഹ്റാൻ: അമെരിക്കയുടെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി.
അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്‍റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാർക്ക് നിർദേശം നൽകി.
ഇറാൻ വ്യോമാതിർത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യയും, ഇൻഡിഗോയും ഖേദം പ്രകടിപ്പിച്ചു.