
അമെരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ട്
file photo
വാഷിങ്ടൺ: ചൈനക്കാരിയുമായുള്ള പ്രണയം മൂലം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍റെ ജോലി നഷ്ടപ്പെട്ടു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങൾ അമെരിക്ക പുറത്തു വിട്ടിട്ടില്ല. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയെ പ്രണയിച്ചതിന് അമെരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സർവീസിൽ നിന്നും പുറത്താക്കിയതായി അമെരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ടാണ് അറിയിച്ചത്. ചൈനീസ് യുവതിയുമായുള്ള ബന്ധം നയതന്ത്ര ഉദ്യോഗസ്ഥൻ മറച്ചു വച്ചു.
ഒടുവിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് തന്‍റെ ബന്ധം ഉദ്യോഗസ്ഥൻ സമ്മതിച്ചു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.അമെരിക്കൻ പ്രസിഡന്‍റ്, സ്റ്റേറ്റ് സെക്രട്ടറി എന്നിവരുൾപ്പടെ വിഷയത്തിൽ ചർച്ച നടത്തി.
കഴിഞ്ഞ ഭരണകൂടത്തിന്‍റെ കാലത്ത് ജോ ബൈഡനാണ് വിദേശ സർവീസിലുള്ളവർക്ക് ചൈനീസ് ബന്ധം വിലക്കുന്ന നിർദേശങ്ങൾ പുറത്തിറക്കിയത്. ചൈനയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അമെരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉൾപ്പടെയുള്ളവർ ചൈനീസ് പൗരന്മാരുമായി പ്രണയ ബന്ധത്തിൽ ഏർപ്പെടുന്നത് ഉൾപ്പടെ വിലക്കുന്നതായിരുന്നു ആ നിർദേശം.