

ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ്
ജറുസലേം: അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച സമാധാനക്കരാറില്‍ പ്രതികരിക്കാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിഷയത്തില്‍ മൗനം പാലിക്കുന്ന നെതന്യാഹു ഇതുവരെ പരസ്യപ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല.
ഇറാനുമായുള്ള യുദ്ധം തുടരണമെന്ന നിലപാടാണ് നെതന്യാഹു പുലര്‍ത്തുന്നത്. എന്നാല്‍ യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്ന നിലപാടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരാറിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം നടത്തിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ പിന്തുണ യുദ്ധത്തില്‍ ഇസ്രായേലിനു മേല്‍ക്കൈ നല്‍കിയിരുന്നു. നിലവില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഈ പിന്തുണയാണ് ഇസ്രായേലിനു നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഇനി ഇറാനെതിരെ ഒറ്റയ്ക്ക് യുദ്ധത്തിനിറങ്ങിയാല്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോയെന്നതില്‍ ഇസ്രായേലിനു ആശയങ്കയുണ്ട്.
2015ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ നേതൃത്വത്തില്‍ ഇറാനുമായി ആണവക്കരാര്‍ ഒപ്പുവെച്ചപ്പോള്‍ നെതന്യാഹു പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു നീക്കത്തിനു അദ്ദേഹം മുതിര്‍ന്നിട്ടില്ല. നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റായ ട്രംപിനോടുള്ള ഭയമാണോ ഇതിനു പിന്നിലെന്നാണ് സംസാരം.
നെതന്യാഹുവിന്‍റെ രാഷ്ട്രീയ അനുയായികളും അദ്ദേഹത്തെ പിന്തുണക്കുന്ന മാധ്യമങ്ങളുമാണ് ഇപ്പോള്‍ കരാറിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ ട്രംപിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ നെതന്യാഹു മൗനം തുടരുകയാണ്. അതിനാല്‍ വരുംദിവസങ്ങളില്‍ നെതന്യാഹു തന്‍റെ നിലപാട് വ്യക്തമാക്കുമോയെന്നാണ് അന്താരാഷ്ട്രീയ രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.