സ്കൂൾ ആക്രമണം അബദ്ധമല്ല ആസൂത്രിതം: യുഎന്നിൽ അമെരിക്കയെ വലിച്ചുകീറി ഇറാൻ | Video

അമെരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിലെ സ്കൂൾ ആക്രമിച്ചത് യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റകൃത്യവും: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയിൽ

ഐക്യരാഷ്ട്ര സഭയിൽ അമെരിക്കയ്ക്കും ഇസ്രയേലിനുമെതിരേ അതിരൂക്ഷ പരാമർശങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്‍റെ തുടക്കത്തിൽ യുഎസും ഇസ്രയേലും ചേർന്ന് ഇറാനിലെ ഒരു സ്കൂൾ ആക്രമിച്ച് 175 കുട്ടികളെ കൊന്നതിനെ 'ആസൂത്രിതമായ കടന്നാക്രമണം' എന്നും 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യവേ, തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ശജറ തയ്യബ എലിമെന്‍ററി സ്കൂളിനു നേരെ നടന്ന ബോംബാക്രമണം 'ഘട്ടം ഘട്ടമായുള്ള ആസൂത്രിത ആക്രമണം' ആണെന്നും, ഈ ആക്രമണത്തിൽ '175-ലധികം വിദ്യാർഥികളും അധ്യാപകരും ക്രൂരമായി കൊലചെയ്യപ്പെട്ടു' എന്നും അരാഗ്ചി പറഞ്ഞു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് യുഎസ് വാദം അദ്ദേഹം തള്ളി.

അമെരിക്കയ്ക്കും ഇസ്രായേലിനും അത്യാധുനിക യുദ്ധ സാങ്കേതികവിദ്യകൾ ഉണ്ടെന്ന് അവർ അവകാശപ്പെടുമ്പോൾ, സ്കൂളിന് നേരെ നടന്ന ആക്രമണം 'മനഃപൂർവവും ബോധപൂർവവും' ആയിരുന്നില്ല എന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആക്രമണത്തെ 'യുദ്ധക്കുറ്റം' എന്നും 'മനുഷ്യത്വത്തിനെതിരായ കുറ്റം' എന്നും വിശേഷിപ്പിച്ച അരാഗ്ചി, ഇത്തരം പ്രവൃത്തികൾ 'എല്ലാവരുടെയും ഭാഗത്തുനിന്ന് ശക്തമായ അപലപനവും കുറ്റവാളികൾക്കു മേൽ വ്യക്തമായ ഉത്തരവാദിത്വം ചുമത്തണമെന്നും ആവശ്യപ്പെടുന്നു' എന്ന് പറഞ്ഞു. 'ഈ ക്രൂരതയെ ന്യായീകരിക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല, ഇതിനെ നിശബ്ദതയോടെയും നിസ്സംഗതയോടെയുമല്ല നേരിടേണ്ടത്,' അദ്ദേഹം പറഞ്ഞു. ഈ ആക്രമണം ഒരു 'വെറും അബദ്ധം' അല്ലെങ്കിൽ 'കണക്കുകൂട്ടലിലെ പിഴവ്' അല്ലെന്നും അരാഗ്ചി തറപ്പിച്ചു പറഞ്ഞു.

'തങ്ങളുടെ കുറ്റകൃത്യത്തെ ന്യായീകരിക്കാൻ ലക്ഷ്യമിട്ടുള്ള അമെരിക്കയുടെ വൈരുദ്ധ്യാത്മകമായ പരാമർശങ്ങൾക്ക് ഒരു തരത്തിലും അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു

ആയിരത്തോളം കുട്ടികൾ കൊല്ലപ്പെട്ടു

യുദ്ധത്തിന്‍റെ ഒന്നാം ദിവസമായ ഫെബ്രുവരി 28-നാണ് മിനാബിലെ സ്കൂളിന് നേരെ ആക്രമണം നടന്നത്. തുടർന്നു കൊണ്ടിരിക്കുന്ന അധിനിവേശത്തിലെ ഏറ്റവും ഭയാനകമായ കാഴ്ചകളിൽ ഒന്നായി ഇത് തുടരുന്നു. യുദ്ധം ഒരു മാസം തികഞ്ഞ മാർച്ച് 27-നാണ് അരാഗ്ചിയുടെ ഈ പരാമർശങ്ങൾ വരുന്നത്.

യുഎസ് സൈനിക അന്വേഷണത്തിന്‍റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, ഫെബ്രുവരി 28-ന് ഇറാനും ഇസ്രായേൽ പിന്തുണയുള്ള അമെരിക്കയും തമ്മിൽ ആക്രമണങ്ങൾ ആരംഭിച്ചപ്പോൾ, ഒരു യുഎസ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ അബദ്ധത്തിൽ സ്കൂളിൽ പതിക്കുകയായിരുന്നു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഒരു ഇറാനിയൻ സൈനിക താവളം ആക്രമിക്കാനാണ് അമെരിക്ക ലക്ഷ്യമിട്ടത്. ആക്രമണത്തിനിരയായ സ്കൂൾ കെട്ടിടം മുമ്പ് ആ താവളത്തിന്‍റെ ഭാഗമായിരുന്നു. പഴയ ഡേറ്റ ഉപയോഗിച്ച് ടാർഗെറ്റ് കോർഡിനേറ്റുകൾ നിശ്ചയിച്ചതാണ് ഈ ദുരന്തത്തിന് കാരണമായതത്രെ. ഇറാന്‍റെ കൈവശം ടോമാഹോക്ക് മിസൈലുകൾ ഇല്ലാതിരുന്നിട്ടും, ഇറാൻ തന്നെയാകാം സ്കൂളിനെ ആക്രമിച്ചതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആദ്യം സൂചിപ്പിച്ചിരുന്നു.

അതേസമയം, സിവിലിയൻ മേഖലകളിൽ സകല യുദ്ധ നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചു കൊണ്ട് യുഎസും ഇസ്രയേലും തുടരുന്ന ആക്രമണത്തിൽ ആയിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു കഴിഞ്ഞെന്നും, അറുനൂറോളം സ്കൂളുകളും ആശുപത്രികളും തകർന്നെന്നും, റെഡ് ക്രസന്‍റ് വൊളന്‍റിയർമാർ പോലും ആക്രമിക്കപ്പെടുന്നുണ്ടെന്നും അരാഗ്ചി തന്‍റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com