ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം

ഡെന്മാർക്കിന്‍റെ നിയന്ത്രണത്തിലുള്ള ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ പദ്ധതി തയാറാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദേശം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തള്ളി
US military denies Trump order to invade Greenland

ട്രംപിന് ഗ്രീൻലാൻഡ് സ്വന്തമാക്കണം, യുഎസ് സൈന്യത്തിന് എതിർപ്പ്.

MV Graphics

Updated on

വാഷിങ്ടൺ: ഡെന്മാർക്കിന്‍റെ നിയന്ത്രണത്തിലുള്ള ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ പദ്ധതി തയാറാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദേശം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തള്ളിയതായി റിപ്പോർട്ട്. നിയമപരവും രാഷ്‌ട്രീയവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ നിർദേശത്തോടു മുഖംതിരിച്ചത്.

യുഎസ് സൈന്യത്തിലെ ജോയിന്‍റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിനോടാണ് ഗ്രീന്‍ലന്‍ഡ് പിടിക്കാനുള്ള പദ്ധതി തയാറാക്കാന്‍ ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും ജോയിന്‍റ് ചീഫ് ഒഫ് സ്റ്റാഫും ഇതിനെ എതിർത്തു. നടപടി നിയമ വിരുദ്ധമാണെന്നും ഇതിന് യുഎസ് കോണ്‍ഗ്രസിന്‍റെ പിന്തുണ ലഭിക്കില്ലെന്നും അവർ വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ നിന്ന് ട്രംപിന്‍റെ ശ്രദ്ധ തിരിക്കാൻ റഷ്യന്‍ 'ഗോസ്റ്റ്' കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരേ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്നതായി സൂചനയുണ്ട്.

ട്രംപിന്‍റെ രാഷ്‌ട്രീയ ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലറുടെ സംഘമാണ് ഗ്രീന്‍ലന്‍ഡ് പിടിക്കണമെന്ന ആശയം മുന്നോട്ടുവച്ചതത്രെ. വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്ക്കെതിരേ നടത്തിയ സൈനിക ഓപ്പറേഷന്‍റെ വിജയമായിരുന്നു ഇവർക്കു പ്രേരണ. റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശം പിടിച്ചെടുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് വിശദീകരണം. എന്നാല്‍ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കാനാണ് ട്രംപ് ഈ വിവാദ നീക്കം നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യുഎസിന്‍റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡിന്‍റെ നിയന്ത്രണം ആവശ്യമെന്നാണു ട്രംപ് പറയുന്നത്. ദ്വീപിനെ സംരക്ഷിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും പറഞ്ഞിരുന്നു.

എന്നാൽ, ബലപ്രയോഗത്തിലൂടെയുള്ള ഏത് നീക്കവും നാറ്റോയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നു ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനിക നീക്കമുണ്ടായാൽ വെടിയുതിർക്കുമെന്നും ഡെന്മാർക്ക്. പ്രദേശത്ത് ചൈനയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകളെത്തിയെന്ന റിപ്പോർട്ടുകൾ ഡെന്മാർക്ക് നിഷേധിച്ചു. അത്യപൂര്‍വ ധാതുക്കളുടെ വന്‍ ശേഖരവും അന്തര്‍ദേശീയ സമുദ്ര പാതയിലെ തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഗ്രീന്‍ലന്‍ഡിനെ അമെരിക്കയുടെ ലക്ഷ്യമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com