ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സെപ്റ്റംബർ 23-ഓടെ ഇറാൻ എയർലൈനുകൾ ആഗോളതലത്തിൽ പ്രവർത്തനരഹിതമാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസെന്‍റിന്‍റെ മുന്നറിയിപ്പ്; ഇന്ധനവും ടിക്കറ്റും വിലക്കി രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വാഷിങ്ടൺ
ഇറാൻ വിമാനക്കമ്പനികളെ ലോകമെമ്പാടും തളയ്ക്കും: US-ന്‍റെ പുതിയ ആയുധം

ഇറാൻ എയർലൈൻ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്താൻ യുഎസ്.

Representative image

Updated on

വാഷിങ്ടൺ: യുദ്ധം ഏഴു മാസം പിന്നിടുമ്പോൾ, ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധം പുതിയൊരു തലത്തിലേക്ക്. ഇറാൻ വിമാനക്കമ്പനികളെ ലോകമെമ്പാടും പൂർണമായി പ്രവർത്തനരഹിതമാക്കുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ പുതിയ ഭീഷണി.

"ലോകത്തെമ്പാടും ഇറാൻ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും," സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്‍റ് പറഞ്ഞു. സെപ്റ്റംബർ 23-ഓടെ ഈ വിമാനക്കമ്പനികളെ ഫലപ്രദമായി പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.

ബെസെന്‍റിന്‍റെ ഭീഷണി വിമാനക്കമ്പനികളിൽ മാത്രം ഒതുങ്ങുന്നില്ല. വിമാനത്താവളങ്ങൾ, ടിക്കറ്റിങ് കമ്പനികൾ, ഇന്ധന വിതരണക്കാർ, ഇറേനിയൻ വിമാനക്കമ്പനികളെ വിദേശത്ത് സഹായിക്കുന്ന മറ്റെല്ലാ സ്ഥാപനങ്ങളും ഈ ഭീഷണിയുടെ പരിധിയിൽ വരും.

"ഇറാൻ വിമാനങ്ങൾ ഇറങ്ങിയാൽ, അവർക്ക് ഇന്ധനം നൽകാൻ പാടില്ല, ലാൻഡിങ് സേവനങ്ങൾ നൽകാൻ പാടില്ല, ടിക്കറ്റ് വിൽക്കാൻ പാടില്ല—അതു ചെയ്താൽ നിങ്ങൾ ഡോളർ വ്യവസ്ഥയിൽനിന്നു തന്നെ പുറത്താകും," ബെസെന്‍റ് കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ പോർമുഖം

ഇറാനെതിരായ അമെരിക്കയുടെ സാമ്പത്തിക പോരാട്ടത്തിലെ ഏറ്റവും പുതിയ നടപടിയാണിത്—പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധത്തിലെ മറ്റൊരു ആയുധം. ഇറാന്‍റെ വ്യോമയാന മേഖലയ്ക്കെതിരേ നേരത്തേ പ്രഖ്യാപിച്ച ഉപരോധങ്ങൾക്കും, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള "ഇക്കണോമിക് ഡി-ഡേ" ഭീഷണിക്കും പിന്നാലെയാണ് പുതിയ നീക്കം.

ബെസെന്‍റിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക നടപടിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അമെരിക്കൻ ഭീഷണിക്കൊപ്പം നിൽക്കാൻ പല രാജ്യങ്ങളും ഇതിനകം തയാറായിക്കഴിഞ്ഞു.

യുഎസ് ട്രഷറിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, ഇറാൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾ ബാഗ്ദാദ് നിർത്തിവയ്ക്കുമെന്ന് ഇറാഖി വൃത്തങ്ങൾ എഎഫ്പിയോട് പറഞ്ഞു. ജോർജിയയും ഇറാൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ വിലക്കേർപ്പെടുത്തി. ടർക്കിഷ് സർക്കാരിന്‍റെ അഭ്യർഥന പ്രകാരം, ഇറേനിയൻ വിമാനക്കമ്പനിയായ മഹാൻ, തുർക്കിയിലേക്കുള്ള സർവീസ് സ്വയം നിർത്തിവച്ചതായി അറിയിച്ചു.

വിമാനങ്ങളും സ്പെയർ പാർട്സും അറ്റകുറ്റപ്പണി സേവനങ്ങളും ലഭ്യമാക്കുന്നതിൽ ഇറാന്‍റെ വ്യോമയാന മേഖല വർഷങ്ങളായി ഉപരോധങ്ങളുടെ പിടിയിലാണ്.

ചൈനയുടെ നിഴൽ

ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ്ങുമായി സാമ്പത്തിക ചർച്ചകൾ നടത്തിയതിന്‍റെ പിറ്റേന്നാണ് ബെസെന്‍റിന്‍റെ ഈ പ്രസ്താവന വരുന്നത് എന്നതും ശ്രദ്ധേയമാണ്. വരുന്ന വ്യാഴാഴ്ച ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ നടത്താനിരിക്കുന്ന ഉച്ചകോടിക്കുള്ള മുന്നൊരുക്കമായിരുന്നു ഈ കൂടിക്കാഴ്ച. ഇറാന്‍റെ പ്രധാന സാമ്പത്തിക പങ്കാളികളിലും നയതന്ത്ര പിന്തുണക്കാരിലും ഒന്നാണ് ചൈന.

ഉപരോധത്തിനു വിധേയമാകാതിരുന്ന "ബാക്കിയുള്ള എല്ലാ ഇറാൻ വിമാനക്കമ്പനികൾക്കും" മേൽ ഈ മാസം ആദ്യം തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാനു പുറത്ത് പ്രവർത്തിക്കുന്ന, ഇറാന്‍റെ വ്യോമയാന മേഖലയെ സഹായിക്കുന്ന സ്ഥാപനങ്ങളെയും യുഎസ് ട്രഷറി വകുപ്പ് ലക്ഷ്യമിട്ടിരുന്നു.

ഫെബ്രുവരി അവസാനം യുഎസ്-ഇസ്രയേൽ സഖ്യം ആക്രമണം അഴിച്ചുവിട്ടതോടെ ഇറാന്‍റെ വ്യോമപരിധി പൂർണമായി അടച്ചിരുന്നു. അതിനുശേഷം, ഇറാൻ വിമാനക്കമ്പനികളുടെ പരിമിതമായ സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചത്.

ഫെബ്രുവരി അവസാനത്തോടെയാണ് അമെരിക്ക ഇറാനിൽ ആക്രമണം തുടങ്ങിയത്. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ ഒരു സ്കൂളായിരുന്നു ആദ്യ ലക്ഷ്യങ്ങളിലൊന്ന്. പിന്നാലെ, രാജ്യത്തിന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും വധിച്ചു. തുടർന്ന് ഇറാനും ശക്തമായ തിരിച്ചടി തുടങ്ങുകയായിരുന്നു. ഊർജ ഗതാഗതത്തിന്‍റെ നിർണായക കടലിടുക്കായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണവില കുതിച്ചുയർന്നു, മധ്യപൂർവദേശത്ത് സംഘർഷം കൂടുതൽ വ്യാപിച്ചു.

logo
Metro Vaartha
www.metrovaartha.com