
ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: ഒരു മാസം മുൻപേയാണ് പാക് സൈനിക മേധാവി അസിം മുനിർ വാഷിങ്ടണിലെത്തിയത്. അന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഒരു സ്വകാര്യ ഉച്ച വിരുന്നിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങി. തൊട്ടു പിന്നാലെ ഡോണൾഡ് ട്രംപ് പാക്കിസ്ഥാനുമായുള്ള സഹകരണം ശക്തമാക്കുന്നുവെന്ന് പ്രസ്താവിച്ചു. പാക്കിസ്ഥാനിൽ വൻ എണ്ണ നിക്ഷേപമുണ്ടെന്നു കരുതുന്ന ഖനികളുടെ വികസനം ഉൾപ്പെടെ നിരവധി മേഖലകളിലാണ് യുഎസ് സഹകരണം പ്രഖ്യാപിച്ചത്. അതു മാത്രമല്ല പാക്കിസ്ഥാന്‍റെ കയറ്റുമതി താരിഫ് 29 ശതമാനത്തിൽ നിന്ന് കുത്തനെ കുറച്ച് 19 ശതമാനമാക്കി മാറ്റുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം താരിഫിന്‍റെ പേരിൽ ഉലയുമ്പോൾ പാക്- യുഎസ് ബന്ധം സമാന്തര പാതയിലൂടെ തളിർക്കുകയാണ്. കാലാകാലങ്ങളായി പാക്കിസ്ഥാനൊപ്പമുള്ള ചൈനയുമായുള്ള സഹകരണത്തിൽ പുതിയ ബന്ധം വിള്ളൽ വീഴ്ത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള തങ്ങളുടെ ബന്ധത്തിന് മറ്റാരും പ്രതീക്ഷിക്കുന്നതിനേക്കാൾ ആഴമുണ്ടെന്നാണ് ചൈന പ്രതികരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തീരുവ 50 ശതമാനമായി ഉയർത്തിയ സാഹചര്യത്തിൽ പാക് സൈനിക മേധാവി ഒരിക്കൽ കൂടി യുഎസ് സന്ദർശനം പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
യുഎസ് പ്രസിഡന്‍റുമായി വിശാലമായ ഉച്ച വിരുന്ന് കഴിഞ്ഞ് മടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പാക് സൈനിക മേധാവി ചൈനയിലുമെത്തി. ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാൻ ഴെങ്, വിദേശകാര്യമന്ത്രി വാങ് യി എന്നിവരും പീപ്പിൾ ലിബറേഷൻ ആർമിയിലെ മുതിർന്ന അംഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച ഉണ്ടായില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ചൈനയെ സംബന്ധിച്ച് അസിമും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നതിന് കാരണവും ഇതു തന്നെയാണ്.
ചൈനയുമായുള്ള ബന്ധം ഇല്ലാതാക്കിക്കൊണ്ട് പാക്കിസ്ഥാൻ ഒരിക്കലും യുഎസുമായി സൗഹൃദം പുലർത്തില്ലെന്ന് നിരീക്ഷകർ പറയുന്നു. ട്രംപ് പ്രതീക്ഷിക്കുന്നത്ര എളുപ്പത്തിൽ പാക്കിസ്ഥാനെ ചൂണ്ടയിൽ കുടുക്കാൻ കഴിയില്ലെന്ന് ചുരുക്കം.
പാക്കിസ്ഥാനും ചൈനയും തമ്മിൽ അകലണം എന്നു തന്നെയാണ് യുഎസിന്‍റെ ആഗ്രഹം. യുഎസ് പാക്കിസ്ഥാനു നേരെ വച്ചു നീട്ടുന്ന മധുരം ചൈനയെ തീർച്ചയായും അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ പാക്- സിനോ ബന്ധം തകർക്കാൻ അതിന് ശക്തി പോര, ചൈന കൾച്ചറൽ എക്സ്ചേഞ്ച് സെന്‍ററിലെ ഗവേഷകൻ ജെസി വാങ് പറയുന്നു.