കശ്മീർ തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ താത്പര്യമറിയിച്ച് യുഎസ് വീണ്ടും

സമാധാനം സ്ഥാപിക്കുന്നതിൽ യുഎസിനു പങ്കില്ലെന്നും പാക്കിസ്ഥാനെ വെടിവയ്പ് നിർത്താൻ നിർബന്ധിതരാക്കിയത് ഇന്ത്യൻ ആയുധ ശക്തിയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര.
US State Department Spokesperson Tammy Bruce

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടാമി ബ്രൂസ്

getty image

Updated on

വാഷിങ്ടൺ ഡിസി: കശ്മീർ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് താത്പര്യമുണ്ടെന്ന വാഗ്ദാനവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വീണ്ടും. മൂന്നാം കക്ഷി ഇടപെടലിനോടുള്ള എതിർപ്പ് ഇന്ത്യ ആവർത്തിക്കുന്നതിനിടെയാണ് യുഎസിന്‍റെ പ്രസ്താവന.

വാർത്താ സമ്മേളനത്തിനിടെ ട്രംപിന്‍റെ മധ്യസ്ഥ വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, പ്രസിഡന്‍റിന്‍റെ മനസിലുള്ളതോ അദ്ദേഹത്തിന്‍റെ പദ്ധതികളോ എന്താണെന്നു തനിക്കു സംസാരിക്കാൻ കഴിയില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞത്. കശ്മീർ സംബന്ധിച്ച ഇന്ത്യ-പാക് തർക്ക വിഷയത്തിൽ ട്രംപ് ഇടപെടാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു അവരുടെ പക്ഷം.

ഇതിനു മുമ്പും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള നടപടികൾ ട്രംപ് ചരിത്രപരമായി സ്വീകരിച്ചിട്ടുണ്ടെന്നും സാധ്യതയില്ലാത്ത കക്ഷികളെ ചർച്ചാ മേശയിലേക്കു കൊണ്ടു വരുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നും ബ്രൂസ് കൂട്ടിച്ചേർത്തു.

എന്നാൽ ബാഹ്യ ഇടപെടലുകൾക്ക് എതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും ഇന്ത്യയും പാക്കിസ്ഥാനും ഉഭയ കക്ഷിപരമായി പരിഹരിക്കണമെന്നത് ഇന്ത്യയുടെ ദീർഘ കാല ദേശീയ നിലപാട് ആണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. ഏറ്റവും പ്രധാന പ്രശ്നം പാക്കിസ്ഥാന്‍ ഇന്ത്യൻ പ്രദേശം ദീർഘകാലമായി അനധികൃതമായി കൈവശപ്പെടുത്തി വച്ചിരിക്കുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയത് യുഎസ് ഇടപെടൽ കാരണമാണെന്നും ബ്രൂസ് അവകാശപ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ചതിനു സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രസിഡന്‍റ് ട്രംപിനെയും വൈസ് പ്രസിഡന്‍റ് ജെഡി വാൻസിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിൽ യുഎസിനു പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പാർലമെന്‍ററി കമ്മിറ്റിയോട് പറഞ്ഞു. പാക്കിസ്ഥാനെ പിൻമാറാൻ നിർബന്ധിതരാക്കിയത് ഇന്ത്യൻ ആയുധ ശക്തിയാണ് എന്ന് അദ്ദേഹം ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ചു കൊണ്ടു പറഞ്ഞു.

പാക്കിസ്ഥാന്‍റെ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും യുഎസ് രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി അലിസൺ ഹുക്കറും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തീവ്രവാദ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ എന്തെങ്കിലും ഉറപ്പ് നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ബ്രൂസ് വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. കശ്മീർ വിഷയത്തിൽ ഇടപെടാൻ യുഎസ് എത്ര ഉത്സാഹം കാണിച്ചാലും കശ്മീരിനെ കുറിച്ചുള്ള ഏതു പരിഹാരവും കർശനമായി ഉഭയകക്ഷി ചട്ടക്കൂടിനുള്ളിലുണ്ടെന്നതാണ് ഇന്ത്യയുടെ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com