
വിസ കിട്ടിയാലും നിരീക്ഷണം തുടരുമെന്നു യുഎസ്
വാഷിങ്ടൺ: വിസ ലഭിച്ചാലും അമെരിക്കൻ നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും ലംഘിക്കുന്നവരെ തിരിച്ചയയ്ക്കുമെന്ന് യുഎസ് എംബസി. വിസ അനുവദിക്കുന്നതോടെ എല്ലാ കടമ്പകളും കഴിഞ്ഞെന്നു കരുതേണ്ടെന്നും യുഎസ് എംബസി മുന്നറിയിപ്പു നൽകി.
വിസ ലഭിച്ചവർ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന നിരന്തര നിരീക്ഷണം തുടരും. മറിച്ചാണെങ്കിൽ തിരിച്ചയയ്ക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വിദ്യാർഥികൾക്കും താത്കാലിക സന്ദർശകർക്കുമായി നൽകുന്ന വിസകൾക്കുള്ള അപേക്ഷകരോട് സമൂഹമാധ്യമ അക്കൗണ്ടുകൾ "പബ്ലിക്' ആക്കണമെന്നു എംബസി നിർദേശിച്ചതിനു പിന്നാലെയാണു മുന്നറിയിപ്പ്.
സമൂഹമാധ്യമ ഇടപെടലുകളെക്കുറിച്ചു തെറ്റായ വിവരം നൽകുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നവർക്കു വിസ നിഷേധിക്കുമെന്നും ഇത്തരക്കാർക്ക് ആജീവനാന്ത അയോഗ്യത കൽപ്പിക്കുമെന്നും എംബസി അറിയിച്ചു.
യുഎസ് വിസ എന്നത് അവകാശമല്ല, സവിശേഷാവകാശമാണെന്ന് എംബസി കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഓരോ വിസയും ദേശീയ സുരക്ഷ പരിഗണിച്ചു മാത്രമേ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് അഞ്ചു വർഷത്തെ സമൂഹമാധ്യമ ഇടപെടലുകൾ പരിശോധിച്ചശേഷമാണ് 2019 മുതൽ യുഎസ് വിസ അനുവദിക്കുന്നത്. അപേക്ഷകൻ യുഎസ് നിയമപ്രകാരം സ്വീകാര്യനാണോ എന്നതു പരിശോധിക്കേണ്ടത് അനിവാര്യമെന്നും അധികൃതർ.