

സന്ദര്‍ശകര്‍ക്കോ ഹ്രസ്വകാല വിസ ഉടമകള്‍ക്കോ നടപടി ബാധകമല്ല
freepik.com
വാഷിങ്ടണ്‍: കുടിയേറ്റ വിസയ്ക്കായി 75 രാജ്യങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള അപേക്ഷകളുടെ പ്രോസസിങ് താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്നു യുഎസ്. ജനുവരി 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത് നിര്‍ത്താന്‍ യുഎസ് കോണ്‍സുലേറ്റുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഭിപ്രായത്തില്‍ 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇപ്പോഴും കുടിയേറ്റ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം. എന്നാല്‍, താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന സമയത്ത് കുടിയേറ്റ വിസകള്‍ അംഗീകരിക്കുകയോ നല്‍കുകയോ ചെയ്യില്ല. സസ്പെന്‍ഷന്‍ എപ്പോള്‍ പിന്‍വലിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുമില്ല.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയവര്‍ 75 രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഇവര്‍ക്കു പുറമെ ലാറ്റിനമേരിക്ക, കരീബിയന്‍ ബാല്‍ക്കന്‍സ്, ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങള്‍ നിന്നുള്ളവരെയും ബാധിക്കും.
യുഎസിലേക്ക് സ്ഥിരമായി താമസം മാറാന്‍ ആഗ്രഹിക്കുന്ന ആളുകളെ മാത്രമായിരിക്കും ബാധിക്കുക. സന്ദര്‍ശകര്‍ക്കോ ഹ്രസ്വകാല വിസ ഉടമകള്‍ക്കോ ഇത് ബാധകമല്ല. കാനഡ, മെക്‌സിക്കോ എന്നിവയ്‌ക്കൊപ്പം യുഎസ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. അതിന് അഞ്ച് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. അപ്പോഴാണ് ഇത്തരമൊരു തീരുമാനം യുഎസ് എടുത്തിരിക്കുന്നത്.