ഇറാനെതിരായ യുഎസ് നീക്കം: യഥാർഥ ലക്ഷ്യം ചൈന?

ഇറാനെതിരായ യുഎസ് നീക്കം വിജയകരമാകണമെങ്കിൽ ഇറാന്‍റെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരും. ഇത് യുഎസ് - ചൈന ബന്ധം കൂടുതൽ വഷളാക്കും
ഇറാനെതിരായ യുഎസ് നീക്കം: യഥാർഥ ലക്ഷ്യം ചൈന?

ഇറാനെതിരായ യുഎസ് ഉപരോധം ഫലപ്രദമാകണമെങ്കിൽ ചൈനയെയും ഉപരോധിക്കേണ്ടിവരും.

Representative graphics

Updated on

വാഷിങ്ടൺ: ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ "ഇക്കണോമിക് ഡി-ഡേ" നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം നേരിടുന്ന രാഷ്ട്രീയ-സൈനിക പ്രതിസന്ധികൾക്കിടയിലാണ് ഇറാനെ ആഗോള സാമ്പത്തിക ശൃംഖലയിൽ നിന്ന് പൂർണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉപരോധ പ്രഖ്യാപനം.

എന്നാൽ, ഈ നീക്കം വിജയകരമാകണമെങ്കിൽ ഇറാന്‍റെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരും. ഇത് യുഎസ് - ചൈന ബന്ധം കൂടുതൽ വഷളാക്കാനും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കാനും വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.

ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ്. ചൈനീസ് കമ്പനികളെയും ബാങ്കുകളെയും ഉപരോധ പരിധിയിൽ കൊണ്ടുവരാതെ ഇറാന്‍റെ വരുമാനം തടയുക സാധ്യമല്ല. ഇറാനുമായി സാമ്പത്തിക-വ്യാപാര ബന്ധം തുടരുന്ന മറ്റ് രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ 'സെക്കൻഡറി ഉപരോധം' (Secondary Sanctions) ചുമത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

അടുത്ത മാസം ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താനിരിക്കെ, ചൈനയ്ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. അമെരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇറാനുമേലുള്ള ഉപരോധം കർശനമാക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെയും ഗതാഗതത്തെയും ബാധിച്ച് വീണ്ടും ഇന്ധനവില വർധനവിനും പണപ്പെരുപ്പത്തിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് ആഗോള വിപണി.

logo
Metro Vaartha
www.metrovaartha.com