ഇന്ത്യയിൽ നിന്നുൾപ്പെടെ സ്റ്റീൽ ഇറക്കുമതിക്ക് യുഎസ് അധിക നികുതി ഏർപ്പെടുത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടു മുൻപാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്
Indian Prime Minister Narendra Modi and US President Donald Trump
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുംFile
Updated on

ന്യൂയോർക്ക്: അലൂമിനിയം, സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നിന്നും ന്യൂ ഓർലിയൻസിൽ എൻഎഫ്എൽ സൂപ്പർ ബൗളിലേയ്ക്കുള്ള യാത്രാ മധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെയും ബാധിക്കുന്നതാണ് ട്രംപിന്‍റെ ഈ തീരുമാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടു മുൻപാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാന സ്റ്റീൽ കയറ്റുമതി രാജ്യങ്ങളിൽ ഇന്ത്യയും ക്യാനഡയും ചൈനയും യുകെയും ഉൾപ്പെടുന്നു.

യുഎസിലേയ്ക്ക് വരുന്ന എല്ലാ വിധ സ്റ്റീലുകൾക്കും 25 ശതമാനം തീരുവ ചുമത്തും. സമാന തീരുവ അലൂമിനിയത്തിനും ചുമത്തും. രണ്ടു ദിവസത്തിനുള്ളിൽ പരസ്പര താരിഫ് പദ്ധതി നടപ്പിലാക്കും. പരസ്പര താരിഫ് ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

മറ്റു രാജ്യങ്ങൾ ചുമത്തുന്ന താരിഫ് നിരക്കുകൾക്കു തുല്യമായി യുഎസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും ട്രംപ് എടുത്തു പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ച് ഒരു പൈസ പോലും അമെരിക്ക ഈടാക്കിയിരുന്നില്ല. എന്നാൽ, ഇനി അങ്ങനെയാകില്ല കാര്യങ്ങൾ- ട്രംപ് ഓർമിപ്പിച്ചു.

ക്യാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളുമായി തുടക്കമിട്ട തീരുവ യുദ്ധം ഇപ്പോൾ മറ്റെല്ലാ രാജ്യങ്ങളിലേയ്ക്കും വ്യാപിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ ട്രംപ് നൽകുന്നത്. ഇത് ഇന്ത്യയ്ക്കും ദോഷകരമായിത്തീരും എന്നതിൽ സംശയമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com