
ഗാസ കടൽത്തീരം
(AP Photo/Abdel Kareem Hana)
ജറുസലേം: ഗാസാ മുനമ്പിലെ പലസ്തീനികളെ ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് നീക്കാനുള്ള പദ്ധതി അമെരിക്കയും ഇസ്രയേലും ചേർന്നു തയാറാക്കുന്നതായി റിപ്പോർട്ടുകൾ. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ എന്നിവിടങ്ങളിൽ പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ ഈ രാജ്യങ്ങളുമായി അമെരിക്കയും ഇസ്രയേലും ചർച്ച നടത്തി എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
എന്നാൽ അമെരിക്കൻ നിർദേശം തള്ളിക്കളഞ്ഞതായി സൊമാലിലാൻഡ്, സുഡാൻ അധികൃതർ വ്യക്തമാക്കിയതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയെ കുറിച്ച് സൊമാലിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൊമാലിയയിൽ നിന്ന് വിഘടിച്ചു പോയ പ്രദേശമാണ് സൊമാലിലാൻഡ്. ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ തന്നെ ഒന്നേകാൽ കോടിയോളമുണ്ട്. പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗാസ ഏറ്റെടുത്തു കടലോര ടൂറിസം കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പദ്ധതി. ഇതിനിടെ ഗാസയിൽ നിലവിൽ ജീവനോടെ ശേഷിക്കുന്ന ഒരേയൊരു അമെരിക്കൻ ബന്ദിയായ ഈഡൻ അലക്സാണ്ടറെ(21) വിട്ടയയ്ക്കാമെന്ന് ഹമാസ് സമ്മതിച്ചു. ഒപ്പം നാലു ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും.
യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കുന്നതിന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്. മാർച്ച് രണ്ടു മുതൽ ഗാസയിലേയ്ക്കുള്ള സഹായ വിതരണം തടഞ്ഞ ഇസ്രയേലിന്‍റെ നടപടി പിൻവലിപ്പിക്കാനും രാജ്യാന്തര സമ്മർദ്ദം ശക്തമാക്കി.
ഗാസ സിറ്റിയിൽ ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.