
വാഷിങ്ടൻ: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയിനു നൽകാൻ യുഎസ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഐകൃരാഷ്ട്ര സംഘടനാ മോധാവിയും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. വ്യാപക അപകടസാധ്യതയുള്ള ഈ ബോംബുകൾ മനുഷ്യരാശിക്ക് വളരെ ദോഷകരമായി ബാധിക്കുമെന്നും ഇത് ഉപയോഗിക്കരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
എന്നാൽ, റഷ്യയുടെ കൈവശമുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായുള്ള പ്രത്യാക്രമണത്തിനു വേണ്ടിയാണിതെന്നാണ് യുഎസിന്‍റെ വിശദീകരണം. സാധാരണക്കാരായ ജനങ്ങൾക്ക് ദോഷമാവാത്ത വിധമാണ് ബോംബ് ഉപയോഗിക്കുകയെന്ന് യുക്രെയിൻ ഉറപ്പു നൽകിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. റഷ്യ യുക്രെയ്നിൽ പലവട്ടം ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായുള്ള ആരോപണങ്ങളുയരുന്നുണ്ട്.
ചെറു ബോംബുകളായി പൊട്ടിത്തെറിക്കുന്ന ക്ലസ്റ്റർ ബോംബുകൾ മാരക ആൾനാശമുണ്ടാക്കുന്നതാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകൾ എല്ലാക്കാലത്തും മാരക ഭീഷണി ഉണ്ടാക്കുന്നവയാണ്. ഇവയുടെ നിർമ്മാണവും ഉപയോഗവും വിൽപ്പനയും നൂറിലേറെ രാജ്യങ്ങൾ നിരോധിച്ചതാണ്. എന്നാൽ ഈ കരാറിൽ റഷ്യ, യുക്രെയിൻ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഒപ്പു വച്ചിട്ടില്ല.