മകന്‍റെ അഴുകിയ മൃതദേഹത്തിനൊപ്പം അമ്മ താമസിച്ചത് 9 മാസം!! | Video
യുഎസിലെ ലൂസിയാന നഗരത്തിലെ ന്യൂ ഓർലാൻസിൽ 9 മാസം മുൻപ് മരിച്ച മകന്‍റെ മമ്മിഫൈ ചെയ്ത മൃതദേഹത്തിനൊപ്പം താമസിച്ച് മുൻ ഡോക്ടറായ ഒരമ്മ. ഏതാണ്ട് 600 പൗണ്ട് അതായത് 272 കിലോഗ്രാം ഭാരമുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയെന്നായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട് . അയൽവാസികൾ മാസങ്ങളോളം പരാതിപ്പെട്ടതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. അയൽവാസികളുടെ നിരന്തര പരാതിയെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു.
വീടിനുള്ളിൽ നിറയെ മാലിന്യകുമ്പാരം. കോഴിയും എലിയും പാഞ്ഞ് നടക്കുന്ന മുറികൾ. ഒരു മുറിയിൽ മമ്മിഫൈ ചെയ്ത മൃതദേഹം. വൃദ്ധയായ ബാർബാറ ഹൈൻസ്വർത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ വീട്ടിലെത്തിയതും മൃതദേഹം ചൂണ്ടി, 'അത് എന്‍റെ മകൻ, അവൻ 9 മാസം മുമ്പ് മരിച്ചു.' എന്ന് അമ്മ പറഞ്ഞതായി പൊലീസ്. മാനസിക പ്രശ്‌നമുള്ളതിനാൽ 10 വർഷം മുൻപ് ഡോക്ടറായ ബാർബാറ ഹൈൻസ്വർത്തിന്‍റെ മെഡിക്കൽ ലൈസൻസ് നഷ്ടപ്പെട്ടിരുന്നു.
ബാർബറയുടെ വീട്ടിലെ മാലിന്യം മൂലം അയൽവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ വീട് ഇടിച്ച് നിരത്തണമെന്ന് സിറ്റി കോഡ് എൻഫോസ്മെന്‍റ് ഓഫീസ് ആവശ്യപ്പെട്ടു. ഇതിന് നഗരഭരണാധികാരികൾ അനുമതി നൽകിയില്ല. പകരം, മാലിന്യം നീക്കം ചെയ്ത് ബാത്ത് റൂമിലെ കുഴി അടച്ച് വീട് വൃത്തിയാക്കി, പൊലീസിന്‍റെ നിയന്ത്രണത്തിൽ ആക്കുമെന്ന് നഗരാധികാരികൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബാർബറ ഹൈൻസ്വർത്തിനെ പൊതു ശല്യമായി പ്രഖ്യാപിച്ച് 6125 ഡോളർ പിഴ ഈടാക്കിയതായും പൊലീസ് അറിയിച്ചു.