

ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജ്യലക്ഷ്മി
file photo
ടെക്സസ്: ആന്ധ്രപ്രദേശ് സ്വദേശിനിയും അമെരിക്കയിൽ വിദ്യാർഥിനിയുമായിരുന്ന 23 കാരിയെ ടെക്സസിലെ സ്വന്തം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ടെക്സസിലെ എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടിയ രാജ്യലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തെ തുടർന്ന് പൊലീസ് നടപടികൾ ആരംഭിച്ചു. ബിരുദം നേടിയ ശേഷം രാജ്യലക്ഷ്മി യുഎസിൽ ജോലി അന്വേഷിക്കുകയായിരുന്നു എന്ന് അവരുടെ ബന്ധുക്കൾ പറയുന്നു. മരണ കാരണം വ്യക്തമല്ല. രണ്ടു ദിവസമായി അവൾക്ക് ചുമയുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മരണ കാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. ഈ മാസം ഏഴിനാണ് രാജ്യലക്ഷ്മി മരിച്ചത്. രണ്ടു മൂന്നു ദിവസമായി ചുമയും നെഞ്ചു വേദനയും ഉണ്ടായിരുന്നതായി ബന്ധു അറിയിച്ചു. ഏഴിനു രാവിലെ രാജ്യലക്ഷ്മി എഴുന്നേൽക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആന്ധ്രയിലെ ബാപട് ല ജില്ലയിലെ കർമെച്ചേഡു ഗ്രാമത്തിൽ നിന്നുള്ള കർഷക കുടുംബാംഗമാണ് രാജ്യലക്ഷ്മി. തന്‍റെ മാതാപിതാക്കൾക്ക് അത്താണിയാകുക എന്ന ലക്ഷ്യത്തോടെയാണ് അവൾ യുഎസിലേയ്ക്കു വന്നതെന്ന് രാജ്യലക്ഷ്മിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. രാജ്യലക്ഷ്മിയുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ധനസമാഹരണത്തിനായി ഫണ്ട് ശേഖരണം ആരംഭിച്ചു.