

യമനിൽ വ്യോമാക്രമണം നടത്തി സൗദി
file photo
ദുബായ്: യമനിലെ വിഘടനവാദി നിയന്ത്രണത്തിലുള്ള തുറമുഖത്തിനു നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം. ഇതോടെ യമനിൽ അവശേഷിക്കുന്ന തങ്ങളുടെ മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ യുഎഇ. 24 മണിക്കൂറിനുള്ളിൽ യമനിൽ നിന്നും പൂർണമായും തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.
ഇതോടെ യുഎഇ-സൗദി പോരായി ഈ സംഭവം മാറി. യമനിൽ വിമത സേനയുടെ അധീനതയിലുള്ള മക്കല്ല തുറമുഖത്താണ് സൗദി വ്യോമാക്രമണം നടത്തിയത്. യുഎഇ കപ്പലിൽ ആയുധങ്ങൾ എത്തിച്ചു എന്നതായിരുന്നു സൗദിയുടെ പ്രകോപനത്തിനു കാരണം. യുഎഇയുമായി ബന്ധമുള്ള ആയുധങ്ങൾ ഈ തുറമുഖത്ത് എത്തിയതായും ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് സൗദിയുടെ വാദം. എന്നാൽ ഈ വാദം യുഎഇ തള്ളിക്കളഞ്ഞു.
കപ്പലിൽ ഉണ്ടായിരുന്നത് ആയുധങ്ങൾ അല്ലെന്നും തങ്ങളുടെ സൈന്യത്തിന് വേണ്ടിയുള്ള സാമഗ്രികൾ ആണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമെരിക്കയുടെ നേതൃത്വത്തിൽ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൗദിയുടെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി.
കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് ചർച്ചകൾ ആവശ്യമാണെന്ന് വ്യക്തമാക്കി. സൗദി അറേബ്യയുടെയും മറ്റു ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ തങ്ങളുടെ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഖത്തർ പ്രതികരിച്ചത്. യമനിൽ അവശേഷിക്കുന്ന ഭീകര വിരുദ്ധ സേനാ വിഭാഗങ്ങളുടെ ദൗത്യം സ്വമേധയാ അവസാനിപ്പിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2019ൽ തന്നെ യുഎഇ സൈനിക സാന്നിധ്യം യമനിലെ സൈനിക സാന്നിധ്യം കുറച്ചിരുന്നു. എങ്കിലും ചില പ്രത്യേക വിഭാഗങ്ങൾ അവിടെ തുടർന്നു. അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഏകോപനത്തിന്‍റെ ഭാഗമായാണ് തങ്ങൾ അവിടെ തുടർന്നതെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ സമഗ്രമായ പുന: പരിശോധനയ്ക്ക് കാരണമായെന്നും യുഎഇ വ്യക്തമാക്കി.
സൗദി-യുഎഇ തർക്കം എണ്ണ വിപണിയെയും ബാധിച്ചു. വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായി ഉണ്ടായ ഈ തർക്കം വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഗൾഫിലെ ഓഹരി വിപണികളിലും ഇടിവ് രേഖപ്പെടുത്തി. യുഎഇ സൈന്യം പിൻവാങ്ങുന്നത് താൽക്കാലിക ശാന്തിക്ക് വഴി തെളിച്ചേക്കാം. എന്നാൽ എസ് ടിസി (Southern Transitional Council)യ്ക്ക് യുഎഇ നൽകുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ തുടരുമോ എന്ന് കണ്ടറിയണം.