

"യേശു ലോകത്തെ രക്ഷിച്ചത് ഒറ്റയ്ക്ക്, കന്യാമറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുത്'': വത്തിക്കാൻ
വത്തിക്കാൻ സിറ്റി: യേശു ലോകത്തെ രക്ഷിച്ചത് ഒറ്റക്കാണെന്നും മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വത്തിക്കാൻ. അമ്മയായ മറിയത്തിന്‍റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തിൽ നിന്നും രക്ഷിച്ചത് മാതാവിന്‍റെ സഹായത്തോടെയല്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.
കത്തോലിക്കർ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വിശ്വാസ തിരുസംഘം തയാറാക്കി ലിയോ പതിന്നാലാമൻ മാർപ്പാപ്പ അംഗീകരിച്ച പുതിയ ശാസനത്തിൽ പറയുന്നു. ഇതോടെ കാലങ്ങളായി സഭയിൽ നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാവുന്നത്.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിന് രക്ഷയേരിയെന്നാണ് ക്രൈസ്തവ വിശ്വാസം. കത്തോലിക്കരുൾപ്പെടെയുള്ള ക്രിസ്തീയ വിഭാഗങ്ങൾ ദൈവമാതാവായ മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നൽകുന്നതിനെ അന്തരിച്ച മാർപാപ്പമാരായ ഫ്രാൻസിസും ബെനഡിക്ട് പതിനാറാമനും എതിർത്തിരുന്നു. നിലവിൽ ഇതിനെല്ലാമൊരു പരിഹാരമായിരിക്കുകയാണ്.